newman
ന്യൂമാൻ കോളേജ്

തൊടുപുഴ: കഴിഞ്ഞ നാലു വർഷക്കാലമായി ന്യൂമാൻ കോളജിനെ മുന്നിൽ നിന്ന് നയിച്ച പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് 27 വർഷത്തെ തന്റെ അദ്ധ്യാപന ജീവിതത്തിനു വിരാമമിട്ടു. ഒപ്പം ഉപനായകനായി അദ്ദേഹത്തോടൊപ്പം നേതൃനിരയിൽ തിളങ്ങിയ വൈസ് പ്രിൻസിപ്പലും മലയാള വിഭാഗം മേധാവിയുമായ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ടും. 1994-ൽ മുരിക്കാശ്ശേരി പാവനാത്മാ കോളജിലാണ് ഡോ. തോംസൺ ജോസഫ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്നു മൂവാറ്റുപുഴ നിർമലാ കോളജിലും ന്യൂമാൻ കോളജിലും അദ്ദേഹം കായികവിഭാഗം തലവനായി പ്രവർത്തിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലും പാഠ്യ-പാഠ്യേതര രംഗത്തും കോളജിനു ചരിത്ര നേട്ടങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ഒഴിയുന്നത്. ഒരു കോടി രൂപയുടെ യുജിസി ഗവേഷണ പദ്ധതി ലഭിച്ച കേരളത്തിലെ രണ്ടു കോളേജുകളിൽ ഒന്നു ന്യൂമാനായത് അദ്ദേഹത്തിന്റെ ഭരണ കാലയളവിലെ വലിയ നേട്ടമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വടം വലി, ഗുസ്തി, പഞ്ചഗുസ്തി എന്നീ ഇനങ്ങളിൽ നിരവധി യൂണിവേഴ്‌സിറ്റി സമ്മാനങ്ങളാണ് ന്യൂമാനിലെ വിദ്യാർത്ഥികൾ വാരിക്കൂട്ടിയത്. അദ്ധ്യാപന ജീവിതവും അജപാലനവും ഒരുപോലെ കൊണ്ടു നടന്ന മെയ് വഴക്കമാണ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് എന്ന കുട്ടികളുടെ പ്രിയപ്പെട്ട രാജുവച്ചനെ വ്യത്യസ്തനാക്കുന്നത്. വൈദികർക്കിടയിലെ കലാകാരനായ അദ്ദേഹം സെമിനാരിക്കാലത്ത് ഭരതനാട്യം ശാസ്ത്രീയമായി അഭ്യസിക്കുകയും ചെയ്തു. പ്രഗൽഭ കോളജുകളെ പിന്നിലാക്കി എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ അഞ്ചാം സ്ഥാനത്തു വരെയെത്തിയത് അദ്ദേഹത്തിന്റെ പ്രവർത്തനമികവുകൊണ്ടാണ്. 1999-ൽ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാള വിഭാഗം അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2006-ൽ ന്യൂമാൻ കോളജിൽ അദ്ധ്യാപകനായി ചേർന്നു. മലയാള കവിത ഒരു സാമൂഹിക ശാസ്ത്ര പഠനം എന്ന വിഷയത്തിൽ പി.എച്ച്.ഡി ബിരുദം നേടിയ അദ്ദേഹം ഫോക്‌ലോറും സാംസ്‌കാരികത്തനിമയും പോലുള്ള ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ഇവർക്കൊപ്പം കൊമേഴ്സ് വകുപ്പു മേധാവിയും കോളജ് ഡി.ഡി.ഒയുമായ ഡോ. എ.പി. ഫിലിപ്, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. അലോഷ്യസ് സാബു അനദ്ധ്യാപകരായ ഇ.വി. ഷെൽജിയും ഇ.ഡി. ജോളിയും കാൽ നൂറ്റാണ്ട് പിന്നിട്ട സേവനത്തിനു ശേഷം ന്യൂമാൻ കോളജിന്റെ പടിയിറങ്ങുകയാണ്. ഇംഗ്ലീഷ് വിഭാഗം മേധാവിയായ ഡോ. ബിജിമോൾ തോമസാണ് ന്യൂമാൻ കോളജിന്റെ പുതിയ സാരഥി. ഒപ്പം വൈസ് പ്രിൻസിപ്പലായി സസ്യ ശാസ്ത്ര വിഭാഗം മേധാവിയായ ഡോ. സാജു എബ്രഹാമും അടുത്ത ദിവസം ചുമതലയേൽക്കും.