കുമളി :ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 14ാമത് തേക്കടി പുഷ്പമേളയ്ക്ക് ഇന്ന് കല്ലറയ്ക്കൽ ഗ്രൗണ്ടിൽ തുടക്കമാകും. 200 വ്യത്യസ്ത ഇനങ്ങളിലുള്ള ഒരു ലക്ഷത്തോളം ചെടികൾ ഉൾക്കൊള്ളുന്ന മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള പുഷ്പനഗരിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. പത്തോളം ഇനങ്ങളിലുള്ള അമ്യൂസ്‌മെന്റ് പാർക്കും നിർമ്മാണം പൂർത്തിയായി. ഇന്ന് രാവിലെ 10ന് മേള നഗറിലേയ്ക്ക് പ്രവേശനം ആരംഭിക്കും. വൈകിട്ട് 6.ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മേള ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എം. എൽ. എ അദ്ധ്യക്ഷത വഹിക്കും. കേരളാ കോഓപ്പറേറ്റീവ് പെൻഷൻ ബോർഡ് ചെയർമാൻആർ. തിലകൻ മുഖ്യപ്രഭാഷണം നടത്തും. പുഷ്പമേള സംഘാടക സമിതിയുടെയും റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ കുമളി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ആദരിക്കും. വൈകിട്ട് 7.30 ന് അമൃത കലാഭവൻ അവതരിപ്പിക്കുന്ന നൃത്തപരിപാടികൾ ഉണ്ടാകും, 32 ദിവസം നീണ്ടുനിൽക്കുന്ന പുഷ്പമേളയിൽ പുഷ്പാലങ്കാര മത്സരം, സൗന്ദര്യ മത്സരം, പാചക മത്സരം, പെയിന്റിംഗ്, ക്വിസ് മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും.