തൊടുപുഴ: വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളിൽ മദ്ധ്യവേനലവധി കാലത്ത് സ്വഭവനങ്ങളിൽ പോകാൻ കഴിയാത്തവർക്ക് മറ്റൊരു കുടുംബത്തിൽ നല്ലൊരു കുടുംബാനുഭവം നൽകുന്നതിനായി നടപ്പാക്കുന്ന സനാഥബാല്യം 2022 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ 54 ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നുള്ള ആറ് മുതൽ പതിനെട്ട് വയസ്സു വരെ പ്രായമുള്ള കുട്ടികളെ മദ്ധ്യവേനൽ അവധിക്കാലത്ത് സ്വന്തം മക്കൾക്കൊപ്പം താമസിപ്പിച്ച് നല്ലൊരു കുടുംബാനുഭവം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 35 വയസ്സ് പൂർത്തിയായ ദമ്പതികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാൻ പ്രാപ്തരായ രക്ഷിതാക്കൾക്ക് മുൻഗണന. വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 10. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ 04862200108, 7025174038, 9744167198.