
ഏപ്രിൽ ആറ് മുതൽ 10 വരെ കണ്ണൂർ നായനാർ അക്കാഡമിയിൽ നടക്കുന്ന സി.പി. എം പാർട്ടി കോൺഗ്രസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ആദ്യമായി കണ്ണൂരിലെത്തുന്ന പാർട്ടി കോൺഗ്രസ്സിന്റെ പശ്ചാത്തലത്തിൽ സി.പി.എമ്മിന്റെ ചരിത്രവും ചരിത്രത്തിനൊപ്പം സഞ്ചരിച്ചവരെയും ഇവിടെ പരിചയപ്പെടുത്തുകയാണ്.
കണ്ണൂർ : സി.പി.എമ്മിന്റെ രാഷ്ട്രീയ 'തല'സ്ഥാനം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനുള്ള വമ്പൻ ഒരുക്കത്തിലാണ്. ഏകശിലാഘടനയുള്ള പാർട്ടി അതിന്റെ പരമോന്നതസമ്മേളനത്തിനായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ഇതിനകം ചുവന്നുതുടുത്തുകഴിഞ്ഞു. പാർട്ടികോൺഗ്രസിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുന്ന തരത്തിൽ ജില്ലയുടെ മുക്കിലും മൂലയിലും വിവിധ വിഷയങ്ങളിൽ പ്രഗത്ഭരെ പങ്കെടുപ്പിച്ചുള്ള സെമിനാറുകളടക്കമുള്ള അനുബന്ധപരിപാടികൾ നടന്നുവരികയാണിപ്പോൾ
രാജ്യത്ത് സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയാണ് കണ്ണൂർ. അതുകൊണ്ടുതന്നെ ആദ്യമായെത്തുന്ന കോൺഗ്രസ് ഓർമ്മയിൽ നിൽക്കുന്നതാക്കാനുള്ള അശ്രാന്തശ്രമത്തിലാണ് കണ്ണൂരിലെ പാർട്ടി. നഗരത്തിലെ ചുവരുകളിലെല്ലാം ഇതിനകം നേതാക്കളുടെ ചിത്രങ്ങൾ നിരന്നു. കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും കവലകളെ ചുവപ്പിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചയോടെ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളെല്ലാം കണ്ണൂരിൽ ക്യാമ്പ് ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 800 പ്രതിനിധികൾക്കൊപ്പം സൗഹാർദ്ദ പ്രതിനിധികളുമായി ആയിരം പേർ സമ്മേളനത്തിലുണ്ടാകും.
പാറപ്രം സമ്മേളനം മുതൽ
1939ൽ പിണറായി പാറപ്രത്ത് പി. കൃഷ്‌ണപിള്ള, ഇ. എം. എസ്, കെ. ദാമോദരൻ, വിഷ്‌ണു ഭാരതീയൻ, കെ.എ കേരളീയൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിലാണ് കണ്ണൂരിൽ കമ്മ്യൂണിസത്തിന്റെ തുടക്കം. പിന്നീടിങ്ങോട്ട് പിളർപ്പിന് ശേഷം രൂപീകരിക്കപ്പെട്ട സി.പി.എമ്മിന് കണ്ണൂരിൽ നിന്ന് എട്ട് സംസ്ഥാന സെക്രട്ടറിമാരുണ്ടായെന്നത് ജില്ലയിൽ പാർട്ടിയുടെ കരുത്ത് വിളിച്ചുപറയുന്നു. നാലു തവണ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനാണ് ഇതിൽ റെക്കാർഡ്.
നായനാരെ കാണാം, വായിക്കാം
ജനകീയത കൊടിയടയാളമാക്കിയ നേതാവ്, ദീർഘകാലം കേരളത്തിന്റെ മുഖ്യമന്ത്രി, കയ്യൂർ സമരത്തിന്റെ മുന്നണി പോരാളി, നർമ്മങ്ങളിലൂടെ എതിരാളികൾക്കും പ്രിയങ്കരൻ... കേരളത്തിന്റെ പ്രിയങ്കരനായ നായനാരുടെ പേരിലുള്ള അക്കാഡമിയിൽ ഒരുക്കിയ മ്യൂസിയമാണ് കണ്ണൂർ പാർട്ടി കോൺഗ്രസിനെ ശ്രദ്ധേയമാക്കുന്നത്.
കമ്മ്യൂണിസ്റ്റ് ചരിത്രം പറയുന്ന ലോകത്തെ ആദ്യത്തെ മ്യൂസിയത്തിലെ പ്രധാനഭാഗം നായനാർക്ക് വേണ്ടിയാണ്.
പതിനെണ്ണായിരം ചതുരശ്ര അടിയിലാണ് മ്യൂസിയം. സിഡ്നിയിലെ ആസ്ട്രേലിയൻ മ്യൂസിയം, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം എന്നിവ രൂപകൽപ്പന ചെയ്ത ഇന്റർ നാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് ബോർഡ് അംഗവും ചെന്നൈ സ്വദേശിയുമായ വിനോദ് ഡാനിയലാണ് ഇത് രൂപകല്‌പന ചെയ്തത്. ചലച്ചിത്ര പ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമായ ശങ്കർ രാമകൃഷ്ണനാണ് മ്യൂസിയത്തിന്റെ ക്രിയേറ്റീവ് ഹെഡ്.
പാറപ്രം സമ്മേളനദൃശ്യങ്ങളുടെ പുനരാവിഷ്കാരം , കയ്യൂർ സമരം, കരിവെള്ളൂർ, മോറാഴ എന്നിവയുടെ പുതിയ പതിപ്പുകൾ, മറ്റു ദേശീയ സമരങ്ങൾ എന്നിവയും ഇവിടെയുണ്ട്. പത്ത് മിനിട്ടോളം ദൈർഘ്യമുള്ള ഓറിയന്റേഷൻ തിയേറ്ററിൽ വിവിധ ഘട്ടങ്ങൾ അനാവരണം ചെയ്യും. ത്രീ ഡി ടെക്നോളജിയിൽ പുതിയൊരു അനുഭവമായിരിക്കും ഇത്.
സാങ്കേതിക വിദഗ്ധരും കലാസംവിധായകരുമായ വിനോദ് മേനോൻ, സന്തോഷ് രാമൻ, പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ മ്യൂസിയത്തിനു പിന്നിൽ . എറണാകുളത്തും ബാംഗ്ളൂരിലും വച്ചാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്. സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു, അക്കാഡമി ഡയറക്ടർ പ്രൊഫ. ടി.വി. ബാലൻ എന്നിവർക്കാണ് മേൽനോട്ടച്ചുമതല.
ആദ്യമായി കണ്ണൂരിലെത്തുന്ന പാർട്ടി കോൺഗ്രസിനെ സ്വീകരിക്കാൻ നാടും നഗരവും പൂർണമായും ഒരുങ്ങിക്കഴിഞ്ഞു. പാർട്ടി കോൺഗ്രസിന്റെ സന്ദേശം നാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കാനുള്ള ശ്രമങ്ങളിലാണ് പ്രവർത്തകർ. കണ്ണൂരിന് ഒരു ചരിത്രസമ്മേളനമായി മാറും ഈ പാർട്ടി കോൺഗ്രസ്-
എം.വി.ജയരാജൻ
സി.പി. എം ജില്ലാ സെക്രട്ടറി, കണ്ണൂർ