
കണ്ണൂർ: ആവശ്യാനുസരണം മരുന്നു ലഭിക്കാതെ സംസ്ഥാനത്തെ 50,000ൽ അധികം വരുന്ന ഗുരുതര വൃക്കരോഗികൾ ദുരിതത്തിൽ. കൊവിഡ് കാലത്ത് വൃക്കരോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ പഞ്ചായത്ത് തലത്തിൽ നൽകണമെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടും മിക്ക പഞ്ചായത്തുകളും ചെവിക്കൊണ്ടിട്ടില്ല.
നേരത്തെ കാരുണ്യ സുരക്ഷ പദ്ധതി വഴി നിശ്ചിത തുക പാസാക്കി മരുന്നു വാങ്ങാൻ സാധിച്ചിരുന്നു.നിലവിൽ കാരുണ്യ കാർഡ് വഴി രോഗി അഡ്മിറ്റായാലുള്ള ചികിത്സാചെലവ് മാത്രമാണ് ലഭിക്കുന്നത്.
വൃക്ക രോഗികൾക്ക് മാസത്തിൽ 15,000 രൂപ വരെ മരുന്നിന് മാത്രം ചെലവാകും. രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനുള്ള ഇഞ്ചക്ഷനും അയേൺ ഇഞ്ചക്ഷനുമാണ് കൂടുതൽ വില. ഇതിനു പുറമെ ഡയാലിസിസിനും അനുബന്ധ ഉപകരണങ്ങൾക്കുമെല്ലാമായി 25,000 രൂപ വരെ ചെലവാകും. സർക്കാർ സംവിധാനത്തിൽ മരുന്ന് ലഭിക്കാതായതോടെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ കഴുത്തറപ്പൻ വിലയ്ക്കാണ് ഇവ വിൽക്കുന്നത്. സംസ്ഥാനത്ത് 80 ശതമാനം വൃക്കരോഗികളും ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണ്. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്താൽ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യാൻ കഴിയും.
220 രൂപയ്ക്ക് വാങ്ങി 1307ന് വിൽക്കും
ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന എറിത്രോപോയിറ്റീൻ ഇഞ്ചക്ഷൻ 220 രൂപയ്‌ക്കാണ് മെഡിക്കൽ ഷോപ്പുകൾക്ക് ലഭിക്കുന്നത്. ഇതിൽ രേഖപ്പെടുത്തിയ വില 1,307 രൂപയാണ്. അതാണ് കടക്കാർ ഈടാക്കുന്നത്. കാരുണ്യ ഫാർമസിയിൽ 190 രൂപയ്ക്ക് ലഭിക്കുമായിരുന്നു.അവിടെ ഇതിന്റെ വില്പന നിറുത്തിവച്ചിരിക്കയാണ്. ഈ മരുന്ന് ഹീമോഗ്ലോബിന്റെ അളവ് കുറവാണെങ്കിൽ മാസത്തിൽ മൂന്ന് തവണ കുത്തിവെക്കണം. വൃക്കമാറ്റിവച്ച രോഗികൾ ഉപയോഗിക്കുന്ന.ടാക്രോളിമസ് ടാബ്‌ലറ്റ് 50 എണ്ണത്തിന് 2300 കൊടുത്തിരുന്നിടത്ത് ഇപ്പോൾ 2900 നൽകണം. 2500 രൂപ മുതൽ 3000 രൂപ വരെ മെഡിക്കൽ ഷോപ്പുകാർ ഈടാക്കുന്ന മൈക്കോഫീനൊലേറ്റ് മോഫ്റ്റിലിന് കാരുണ്യ ഫാർമസിയിൽ 1430 രൂപയാണ്. എന്നാൽ ഈ മരുന്നും ഇപ്പോൾ കാരുണ്യയിൽ ഇല്ല. വില നിർണയിക്കേണ്ടുന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി പരാജയമെന്നാണ് രോഗികൾ പറയുന്നത്.
'സർക്കാർ തലത്തിൽ മരുന്ന് അടിയന്തരമായി ലഭ്യമാക്കണം. കാരുണ്യ കാർഡ് വഴി മരുന്നു ലഭിക്കുന്നില്ല. മെഡിക്കൽ ഷോപ്പുകളിൽ കഴുത്തറപ്പൻ വില നൽകേണ്ടിവരുന്നു".
- ടി.ടി. ബഷീർ,
സംസ്ഥാന പ്രസിഡന്റ്,
പ്രതീക്ഷ ഒാർഗൻ റെസീപിയന്റ്സ്
ഫാമിലി അസോസിയേഷൻ