നീലേശ്വരം: ഒന്നാം വിളയും തുടർന്ന് പച്ചക്കറി കൃഷിയും ചെയ്യാതെയിട്ട വയലുകൾ കാടുകയറി നശിക്കുന്നു. കിനാനൂർ- കരിന്തളം പഞ്ചായത്തിലെ കൃഷി ഒന്നും ചെയ്യാതെയിട്ട കിനാനൂർ വയലാണ് കാടുമൂടി കിടക്കുന്നത്. കാടുമൂടിയതിനാൽ വയലെന്ന് തിരച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. കഴിഞ്ഞവർഷം 18 ഹെക്ടർ കൃഷിയിടത്തിൽ പകുതിവയലിൽ മാത്രമാണ് നെൽകൃഷി ഇറക്കിയിരുന്നത്.
നെൽകൃഷിക്ക് ഹെക്ടറിന് 22,000 രൂപ കൃഷി വകുപ്പ് സബ്സിഡി കൊടുക്കുന്നുണ്ടെങ്കിലും കൃഷി ചെയ്യാൻ കർഷകർ മുന്നോട്ട് വരുന്നില്ല. ഒന്നാം വിളയിറക്കാൻ കൃഷിഭവൻ വിത്ത് കർഷകർക്ക് സൗജന്യമായി നൽകുന്നുമുണ്ട്. കൃഷിയിറക്കിയാൽ കാലാവസ്ഥാവ്യതിയാനത്താൽ ഉദ്ദേശിച്ച വിള ലഭിക്കില്ലെന്ന കാരണത്താലാണ് കർഷകർ കൃഷിയിൽ നിന്നും പിൻവാങ്ങാൻ കാരണമായി പറയുന്നത്. അതുപോലെ ഒന്നാം വിളകഴിഞ്ഞാൽ വയലിൽ സാധാരണയായി പച്ചക്കറി കൃഷി ചെയ്യാറുണ്ട്. എന്നാൽ ഈ വർഷം പച്ചക്കറി കൃഷി ചെയ്യാൻ ഭൂരിഭാഗം കർഷകരും മുന്നോട്ടു വന്നുമില്ല. വയലിലെ കാട് വെട്ടിത്തെളിക്കാൻ ഭീമമായ ചെലവ് വേണ്ടി വരുമെന്നു കരുതിയാണ് കർഷകർ പിറകോട്ടുപോയത്. പച്ചക്കറി കൃഷി ചെയ്യാൻ ക്ലസ്റ്ററിന് ഹെക്ടർ ഒന്നിന് 20,000 രൂപ സബ്സിഡി നൽകുന്നുണ്ട്. എന്നിട്ടും കർഷകർ വിമുഖത കാണിക്കുകയാണ്.
കഴിഞ്ഞവർഷം ഒന്നാം വിള ചെയ്യാൻ കർഷകർ മുന്നോട്ടുവന്നിട്ടില്ല. ഈ വർഷം പഞ്ചായത്ത് മുഖേന വയൽ തരിശിടാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
നിഖിൽ നാരായണൻ, കിനാനൂർ കരിന്തളം പഞ്ചായത്ത് കൃഷി ഓഫീസർ
കൃഷി പണിക്ക് തൊഴിലാളികളെ കിട്ടാനില്ല. സ്ത്രീ തൊഴിലാളിക്ക് തന്നെ ഉച്ചപ്പണിക്ക് 450 രൂപ കൊടുക്കേണ്ടി വരുന്നു. തൊഴിലുറപ്പ് പണി നെൽകൃഷിയിൽ അനുവദിച്ചു തരണമെന്ന് പറഞ്ഞാൽ അധികൃതർ ചെവിക്കൊള്ളുന്നില്ല. ചില പഞ്ചായത്തുകളിൽ നെൽകൃഷി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുട്ടുണ്ട്.നാരായണൻ, പ്രസിഡന്റ്, കിനാനൂർ വയൽപാടശേഖര സമിതി.