കാസർകോട്: പണമടച്ചിട്ടും തേൻകൂട് നൽകാതിരുന്ന റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി, കുമ്പള സ്വദേശിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു.
കുമ്പള കൊടിയമ്മ കുത്യാളയിലെ അബൂബക്കറിന് കാസർകോട് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി കോളിച്ചാൽ ശാഖ നഷ്ടപരിഹാരം നൽകണമെന്നാണ് ഫോറം പ്രസിഡന്റ് കെ. കൃഷ്ണൻ, മെമ്പർമാരായ എം. രാധാകൃഷ്ണൻ നായർ, കെ.ജെ ബീന എന്നിവരടങ്ങിയ ബഞ്ച് വിധി പ്രസ്താവിച്ചത്.
റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി കോളിച്ചാൽ ശാഖയുടെ നേതൃത്വത്തിൽ 2018 ഒക്ടോബർ 25 ന് കുമ്പള കൃഷിഭവനിൽ തേനീച്ച വളർത്തുന്നത് സംബന്ധിച്ച് തൊഴിൽ രഹിതർക്ക് വേണ്ടി ക്ലാസ് സംഘടിപ്പിച്ചിരുന്നു. ഈ ക്ലാസിൽ അബൂബക്കർ അടക്കം കുമ്പള ഭാഗത്തെ നിരവധി പേർ പങ്കെടുത്തു. അബൂബക്കർ തേൻ കൂടിനായി റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി കോളിച്ചാൽ ശാഖയുടെ സെക്രട്ടറിക്ക് 3780 രൂപ നൽകിയെങ്കിലും തേൻകൂട് ലഭിച്ചില്ല. നിരവധി തവണ അബൂബക്കർ സെക്രട്ടറിയെ ബന്ധപ്പെട്ടെങ്കിലും തേൻകൂട് ലഭിക്കാത്തതുകൊണ്ട് കാസർകോട് ബാറിലെ അഭിഭാഷകനായ കുമ്പളയിലെ കെ രാമപാട്ടാളി മുഖാന്തരം ഉപഭോക്തൃ തർക്കപരിഹാരഫോറത്തിൽ കേസ് ഫയൽ ചെയ്തു.
സൊസൈറ്റി തക്കസമയത്തുതന്നെ തേൻകൂട് അബൂബക്കറിന് നൽകിയിരുന്നതായി സൊസൈറ്റിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സൊസൈറ്റിക്ക് അബൂബക്കർ നൽകിയ 3780 രൂപയ്ക്ക് 2018 ഒക്ടോബർ 31 മുതൽ 9 ശതമാനം വാർഷിക പലിശയും 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും ചേർത്ത് ഒരുമാസത്തിനകം അബൂബക്കറിന് നൽകാനാണ് വിധി.