കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുവച്ചു നിർത്തിയിട്ട വാഹനം തകർത്ത് അകത്തുണ്ടായിരുന്ന ചെക്ക് ലീഫുകളെടുത്ത് പയ്യന്നൂർ ട്രഷറിയിൽ നിന്നും പണം പിൻവലിച്ച കേസിലെ മൂന്നംഗ സംഘത്തിലെ രണ്ടുപ്രതികൾ അറസ്റ്റിൽ. മോഷണ, വധശ്രമകേസുകളിൽ പ്രതിയായ നീലേശ്വരം കയ്യൂർ സ്വദേശി എം. അഖിൽ (34), കണ്ണൂർ സിറ്റി സ്വദേശി കെ.വി ഖാലിദ് (38) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 18ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.
എറണാകുളത്തേക്ക് ഇന്റർവ്യൂവിന് പോകാനായി നിർമാണ മേഖലയിൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്ന ഇരിക്കൂർ പട്ടുവം സ്വദേശി റംഷാദ് സഞ്ചരിച്ചിരുന്ന ജീപ്പ് റെയിൽവേ സ്‌റ്റേഷനന്റെ പടിഞ്ഞാറ് വശത്ത് പാർക്കു ചെയ്തിരുന്നു. റിട്ട. അദ്ധ്യാപകനായ പിതാവ് വിരമിച്ചതിനു ശേഷം അനന്തരാവകാശിയായ മാതാവിന്റെ പേരിൽ മാറേണ്ട പെൻഷൻ തുകയുടെ ഒപ്പിട്ട ചെക്ക് ലീഫാണ് വാഹനത്തിൽ നിന്നും കാണാതായത്. റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ കാമറ പരിശോധിച്ചപ്പോഴാണ് വാഹന ബാറ്ററി മോഷണ കേസിൽ
നീലേശ്വരം സ്‌റ്റേഷനിലും വധശ്രമത്തിന് ചീമേനിയിലും പ്രതിയായ അഖിലിന്റെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം അഖിലിനെയും ഇയാൾ നൽകിയ മൊഴിയനുസരിച്ച ഖാലിദിനെയും പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസന്വേഷണത്തിൽ പ്രിൻസിപ്പൽ എസ്.ഐ സീതാറാം, എ.എസ്.ഐമാരായ അജയൻ, നാസർ, രഞ്ചിത്ത് എന്നിവരും പങ്കെടുത്തു.