നീലേശ്വരം:ബോംബിംഗിന്റെയും വെടിയൊച്ചകളുടെയും പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിൽ നിന്ന് മകൾ ആശ്വാസതീരത്തണഞ്ഞതിന്റെ സന്തോഷമാണ് നീലേശ്വരം കോട്ടപ്പുറത്തെ നിസാറും ഭാര്യ സബിതയും . യുക്രയിനിൽ മെഡിക്കൽ പഠനത്തിന് പോയ ഇവരുടെ മകൾ ആമിന നിദ അതിർത്തി കടന്ന് റുമാനിയയിൽ എത്തിയെന്ന വിവരമാണ് ഇവർക്ക് ആശ്വാസം പകർന്നത്.
ഡോക്ടറാകണമെന്ന ആഗ്രഹത്തിൽ 2021 ഡിസംബർ 13നാണ് ആമിന നിദ യുക്രയിനിലേക്ക് വിമാനം കയറിയത് .വിനീഷ്യ.നാഷണൽ പിറോഗോ മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് മെഡിക്കൽ സീറ്റ് ലഭിച്ചത്. രണ്ട് മാസം മാത്രമാണ് ക്ളാസിൽ ഇരുന്നത്. യുദ്ധ മുഖത്ത് നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്താനുള്ള ആഗ്രഹത്തിലാണ് ഈ വിദ്യാർത്ഥി. ആരംഭിച്ചതോടെ മറ്റ് കുട്ടികൾക്കൊപ്പം യൂണിവേഴ്സിറ്റിയുടെ കീഴിൽ സുരക്ഷിത താവളത്തിൽ കുട്ടികളെ മാറ്റിയിരുന്നു.
എട്ടുമണിക്കൂർ കാൽനട;അതിർത്തി കടന്നപ്പോൾ തളർന്നുറക്കം
യുണിവേഴ്സിറ്റി ഒരുക്കിയ താവളത്തിൽ നിന്ന് ആമിന അടക്കം മുന്നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ കോരിതരിപ്പിക്കുന്ന തണുപ്പിൽ ലഗേജുമായി അയൽ രാജ്യമായ റുമാനിയയുടെ അതിർത്തിയിലേക്ക് കാൽനടയായി യാത്ര തിരിക്കുകയായിരുന്നു. ഇതിൽ 57 മലയാളി പെൺകുട്ടികളും. എട്ട് മണിക്കൂർ കാൽനടയാത്രയിൽ തളർന്ന് അവശരായെങ്കിലും രാത്രി 12 മണിയോടെ റുമാനിയൻ അതിർത്തിയിൽ എത്തി. അവിടെ തന്നെ സംഘം കിടന്നുറങ്ങി. അതിർത്തി കടക്കുന്നവരുടെ വലിയ ക്യൂവായിരുന്നു ഇവിടെ. ഒടുവിൽ ബോർഡറിലുള്ള പരിശോധന കഴിഞ്ഞ് റുമാനിയൻ സർക്കാർ അഭയാർത്ഥികൾക്കായി സ്ഥാപിച്ച എല്ലാവിധ സൗകര്യങ്ങളുമുള്ള ടെന്റിൽ എത്തിയപ്പോഴാണ് ആശ്വാസമായതെന്ന് ആമിന പറയുന്നു. റുമാനിയൻ സർക്കാർ തങ്ങളുടെ രാജ്യത്ത് എത്തിയവർക്ക് വെള്ളവും ഭക്ഷണവും നൽകുന്നുണ്ട്.
എംബസി എത്തിയില്ല
റുമാനിയയിൽ എത്തിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് അറിയിപ്പോ നിർദ്ദേശങ്ങളോ ലഭിക്കാത്തത് തങ്ങളെ നിരാശരരാക്കിയെന്ന് ആമിന പറയുന്നു.എംബസി യുടെ അറിയിപ്പ് കിട്ടിയാൽ മാത്രമേ 300 പേരടങ്ങുന്ന ഇൻഡ്യൻ സംഘത്തിന് നാട്ടിലേക്ക് മടങ്ങുവാൻ സാധിക്കുകയുള്ളു. യുദ്ധം കൂടുതൽ ശക്തമാക്കുകയും ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെടുകയും ചെയ്തതോടെ എല്ലാവരും ആധിയിലാണ് .തോക്കിൻ കുഴലിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പിറന്ന മണ്ണിൽ എത്തിയാൽ മാത്രമെ പൂർണ ആശ്വാസമാകുകയുള്ളുവെന്ന് ആമിനയുടെ കുടുംബം പറയുന്നു.