cpm

കൊച്ചി: 88 അംഗങ്ങളുള്ള സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പത്ത് പേർ പുറത്ത് പോകുന്ന ഒഴിവിൽ യുവാക്കളെയും വനിതകളെയും ഉൾപ്പെടുത്താൻ ധാരണ. 40 വയസ് എത്തിയവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി യുവത്വത്തിന്റെ മുഖം നൽകുകയാണ് പാർട്ടി.

വർഗ, ബഹുജന സംഘടനകളുടെ നേതൃസ്ഥാനത്തുള്ളവരെ സംഘടനാ നേതൃത്വത്തിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. ഈ സമ്മേളനം മുതൽ പാർട്ടിയുടെ ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റികളിൽ 75 വയസ് പ്രായപരിധി കർശനമാക്കും. അതേസമയം അനിവാര്യർക്ക് ഇളവുനൽകാൻ വ്യവസ്ഥയുണ്ട്.

ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, പാലക്കാട് സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസൽ, എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും ബാലുശേരി എം.എൽ.എയുമായ കെ.എം. സച്ചിൻദേവ്, വ‌ർക്കല എം.എൽ.എ വി. ജോയി, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോയന്റ് സെക്രട്ടറി എൻ. സുകന്യ, സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം കെ.കെ. ലതിക, തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്ര് അംഗം സി. ജയൻബാബു, ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹിം, കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറിയും റബ്കോ ചെയർമാനുമായ എൻ. ചന്ദ്രൻ, കർഷക സംഘം സംസ്ഥാന സെക്രട്ടറിയും റെയ്ഡ് കോ ചെയർമാനുമായ വത്സൻ പനോളി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കാസർകോട് ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫ എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ എത്താൻ സാദ്ധ്യതയുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യുവിന്റെ ഭാര്യ കൂടിയാണ് സുകന്യ. എ.കെ.ജി സെന്ററിന്റെ ചുമതല വഹിക്കുന്ന ബിജു കണ്ടക്കൈയെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയേക്കും.