
പാനൂർ: കണ്ണൂർ വിമാനതാവളത്തിലേക്കുള്ള കുറ്റിയാടി മട്ടന്നൂർ റോഡ് വികസനത്തിന് വേഗം കൂട്ടാൻ സർക്കാർ തീരുമാനമെടുത്തത് പാനൂരിലെ വ്യാപാരികളെ ആശങ്കയിലാഴ്ത്തി. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനാൽ പാനൂർ മേഖലയിലെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചു മാറ്റേണ്ടി വരുന്നതാണ് വ്യാപാരികളെ ആശങ്കയിലാക്കുന്നത്. നിരവധി വീടുകളുംപൊളിക്കേണ്ടി വരും.
തങ്ങളുടെ ആശങ്കയ്ക്കു പരിഹാരംകണ്ടെത്തി മാത്രമേ പദ്ധതി നടപ്പിലാക്കാൻ പാടുള്ളൂവെന്നാവശ്യപ്പെട്ട് വ്യാപാരികൾ കെ.പി മോഹനൻ എം.എൽ.എയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ ഏതുവിധേനെയും പദ്ധതിനടപ്പിലാക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് സർക്കാർ.അലൈമെന്റ് പ്രസിദ്ധീകരിച്ചതോടെ അന്തിമ ഡി.പി..ആർ തയ്യാറാക്കി കിഫ് ബിയിൽ നിന്നും സാമ്പത്തികാനുമതിയ്ക്കായി കാത്തിരിക്കുകയാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ.
1023.46 കോടിയുടെ എസ്റ്റിമേറ്റ്
പെരിങ്ങത്തൂർ മുതൽ മട്ടന്നൂർ വരെയുള്ള റോഡിന് സിവിൽ ഇനത്തിൽ 436.43 കോടിയും ഭൂമിയേറ്റെടുക്കൽ നടപടിയുൾപ്പടെയുള്ള സാമൂഹികാവശ്യങ്ങൾക്ക് 587.03 കോടിയുമുൾപ്പടെ ആകെ 1023.46 കോടി രൂപയ്ക്കുള്ള എസ്റ്റിമേറ്റാണ് കെ.ആർ.എഫ്.ബി വിഭാഗം കിഫ്ബിക്ക് സമർപ്പിച്ചിട്ടുള്ളതെന്നാണ് വിവരം.ഒന്നര വർഷം മുമ്പ് ഉന്നതതല ചർച്ചകൾക്ക് ശേഷം ആവശ്യമായ ഭേദഗതി വരുത്തിയാണ് പുതിയ അലൈമെന്റിന് രൂപം നൽകിയത്.
വളവുകൾ കുറയും
നിലവിലുള്ള പെരിങ്ങത്തൂർ മേക്കുന്ന് പാനൂർ പൂക്കോട് റോഡിന്റെ വലിയ വളവു തിരിവുകൾ കുറച്ച് പരമാവധി നേരെയാക്കാനാണ് തീരുമാനം. പൂക്കോട് മുതൽ മട്ടന്നൂർ വരേയും നിലവിലുള്ള റോഡിനെ മുൻനിർത്തിയാണ് അലൈമെന്റ് തയ്യാറാക്കിയത്.24 മീറ്റർ വീതിയിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അളവ് കണക്കാക്കുകയാണ് അടുത്ത ഘട്ടം. ഇത് പൂർത്തിയാവുന്നതോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങൾ പുറത്തുവിടും