cons
കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ സി.പി. എം സംസ്ഥാന സമ്മേളന നഗരിയിൽ

കൊച്ചി: സി.പി. എം സംസ്ഥാന സമ്മേളന നഗരിയിൽ താരമായി മുൻമന്ത്രിയും കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ . ഇന്നലെ ഉച്ചയോടെയാണ് വേദിയിലെത്തിയ കടന്നപ്പള്ളിയെ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒരുമിച്ച് ഉച്ചയൂണും കഴിച്ച ശേഷമാണ് കടന്നപ്പള്ളി വേദി വിട്ടത്.

കഴിഞ്ഞ കുറെ വർഷങ്ങളായുള്ള ശീലമാണ്. സി.പി. എമ്മിന്റെ സമ്മേളനമാണെങ്കിലും പ്രത്യേക ക്ഷണിതാവായി കടന്നപ്പള്ളി അവിടെയെത്തും. എന്ത് തിരക്കുണ്ടായാലും സി.പി. എം സമ്മേളനത്തിനെത്തണമെന്നത് നിർബന്ധമാണ്. സമ്മേളന പ്രതിനിധികളെയും മറ്റും അഭിവാദ്യം ചെയ്ത ശേഷം പുറത്തിറങ്ങിയ കടന്നപ്പള്ളിക്കൊപ്പം സെൽഫിയെടുക്കാനും മത്സരമായി. യുവാക്കളും കുട്ടികളും ചുറ്റും കൂടി.

വൈകിട്ട് സാംസ്കാരിക സമ്മേളനത്തിലും പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. കോൺഗ്രസ് എസ് ജനറൽ സെക്രട്ടറി വി. സന്തോഷ് ലാൽ, എറണാകുളം ജില്ലാ പ്രസിഡന്റ് ബി. അഷ്റഫ് എന്നിവരും കൂടെയുണ്ടായിരുന്നു.