തളിപ്പറമ്പ്: ബൈക്കിൽ മാരക മയക്കുമരുന്ന് കടത്തുകയായിരുന്ന രണ്ട് യുവാക്കളെ തളിപ്പറമ്പിൽ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാശേരി കോലത്തുവയൽ സ്വദേശികളായ പാറോൽ ഹൗസിൽ നവീൻ (30), സൺസ് ഹൗസിൽ അമൽ റജിനോൾഡ് (22) എന്നിവരെയാണ് സി.ഐ എ.വി. ദിനേശൻ, എസ്.ഐ പി.സി.സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽ നിന്ന് വിപണി യിൽ വൻ വിലവരുന്ന 480 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് തൃച്ഛംബരം പാലാഴി റോഡ് ജംഗ്ഷനിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് യുവാക്കളെ പിടികൂടിയത്. എസ്.ഐ അബ്ദുറഹ്മാൻ, സി.പി.ഒമാരായ അഷറഫ്, പ്രമോദ്, മുകേഷ് എന്നിവരും യുവാക്കളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.