payam-fhc
പായം ഗ്രാമപഞ്ചായത്തിലെ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം

പായം: പായത്ത് പ്രളയത്തിൽ തകർന്ന പി.എച്ച്‌.സിക്ക് പകരം കുടുംബാരോഗ്യ കേന്ദ്രം ഒരുങ്ങി.

വള്ളിത്തോടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് 2018ലെ പ്രളയത്തിൽ മണ്ണിടിഞ്ഞ് പൂർണമായും തകർന്നത്. തുടർന്ന് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പുതിയ കെട്ടിടത്തിനായി ഫണ്ട് അനുവദിക്കുകയായിരുന്നു. വള്ളിത്തോട് ഷാരോൺ ഫെലോഷിപ്പ് ചർച്ച് സൗജന്യമായി നൽകിയ ഒന്നര ഏക്കർ സ്ഥലത്താണ് ആധുനിക രീതിയിലുള്ള കെട്ടിടം പണിതത്.

ഇരുനില കെട്ടിടത്തിന്റെ മുഴുവൻ പ്രവൃത്തികളും പൂർത്തിയായി. പാർക്കിംഗ് സൗകര്യവും കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള പ്രധാന വഴിയുമാണ് ഇനി നിർമ്മിക്കാനുള്ളത്. ഷാരോൺ ചർച്ചിന്റെ പഴയ കെട്ടിടത്തിലാണ് താൽക്കാലികമായി ഇപ്പോൾ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. രണ്ടു സ്ഥിരം ഡോക്ടർമാരുടെയും ഒരു പഞ്ചായത്ത് ഡോക്ടറുടെയും സേവനം ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും.

കിടത്തി ചികിത്സയില്ലെങ്കിലും അടിന്തര ഘട്ടത്തിൽ ഒരേസമയം നാലുപേരെ വരെ ചികിത്സിക്കാൻ കിടക്ക ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും.

ആശുപത്രി കെട്ടിടത്തിലെ സൗകര്യങ്ങൾ
അത്യാഹിത വിഭാഗം

ഗർഭകാല പരിശോധന

വയോജന ക്ലിനിക്ക്

പ്രതിരോധ കുത്തിവയ്പ്പ്

മുലയൂട്ടൽ കേന്ദ്രം

മൂന്നു ഒ.പി കൗണ്ടറുകൾ

ലബോറട്ടറി, ഫാർമസി

വിശാലമായ കോൺഫറൻസ് ഹാൾ

സേവനങ്ങൾ മെച്ചപ്പെടുത്തും

നിലവിൽ പ്രവർത്തിക്കുന്ന ജീവിതശൈലി രോഗ നിർണയ ക്ലിനിക്ക്, ശ്വാസകോശ സംബന്ധ അസുഖമുള്ളവർക്കുള്ള ശ്വാസ് ക്ലിനിക്ക്, വിഷാദ രോഗികൾക്കായുള്ള ആശ്വാസ് ക്ലിനിക്ക് തുടങ്ങിയവ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറുന്നതോടെ ഇവയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാകും.

നിലവിൽ മുന്നൂറോളം രോഗികൾ ദിനംപ്രതി ആരോഗ്യ കേന്ദ്രത്തിലെത്തുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമായാൽ ഇതിലും കൂടുതൽ പേർക്ക് സേവനം നൽകാനാകും.

പഞ്ചായത്ത് പ്രസിഡന്റ് പി. രജനി