1
എല്ലാം ഒരു കുടകീഴിൽ: കുള്ളൻ പശുവും ആടും കോഴിയും താറാവും പച്ചക്കറികളും വളരുന്ന യൂണിറ്റ് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ

പിലിക്കോട്: നാട്ടറിവിന് ശാസ്ത്രീയമായ അടിത്തറ നൽകി അന്തർദേശീയ നിലവാരത്തിലുള്ള പദ്ധതി ഒരുക്കി പിലിക്കോട് കാർഷികഗവേഷണകേന്ദ്രത്തിന്റെ പരീക്ഷണം. പാലും പഴങ്ങളും പച്ചക്കറിയും ഇറച്ചിയുമടക്കം വിവിധ തരത്തിൽ വരുമാനം നൽകുന്ന സംയോജിത കൃഷിരീതിയുടെ ലോകമാകെ വിജയിച്ച മാതൃകയുമായാണ് കാർഷികഗവേഷണകേന്ദ്രം കർഷകരിലേക്ക് ഇറങ്ങുന്നത്.

ഗുണമേന്മയേറിയ പാലിലൂടെ ലോകശ്രദ്ധ നേടിയ കാസർകോട് കുള്ളൻ പശുവിന് പച്ചിലമെത്ത ഒരുക്കി സ്വാഭാവിക ജൈവവളം ഒരുക്കുന്നതാണ് പദ്ധതിയുടെ ഒരു ഭാഗം. പശുവിന് പുറമെ ആടും കോഴിയും താറാവും വളർത്താം. ഒരു കുള്ളൻപശുവും കുട്ടിയും ഒരു മലബാറി ആടും കുട്ടിയും മൂന്ന് വീതം കോഴികളും താറാവുകളുമുള്ളതാണ് ഒരു യൂണിറ്റ്.ഒപ്പം പച്ചക്കറികളും പഴവർഗങ്ങളും വളർത്തിയെടുക്കാനും സാധിക്കും. അരലക്ഷം രൂപയോളമാണ് ഒരു യൂണിറ്റ് ഒരുക്കാനുള്ള ചിലവ്.

പച്ചില കലർന്ന ചാണകവും മൂത്രവും ഉപയോഗിച്ച് പഴയകാലത്ത് മികച്ച ജൈവവളമുണ്ടാക്കുന്ന മാർഗം ഇതിൽ അവലംബിച്ചിട്ടുണ്ട്.

എളുപ്പം,​ലാഭകരം,​ സ്ഥിരവരുമാനം

ഓലയും മുളയും കൊണ്ട് നിർമ്മിച്ചതും ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്നതുമായ കുടിലുകളാണ് ഇവയെ പാർപ്പിക്കാൻ ഒരുക്കുന്നത്. രാത്രി കൂടുകളിൽ പാർപ്പിച്ച് രാവിലെ തുറന്നുവിടും. ഇവ മേഞ്ഞുനടക്കുമ്പോൾ പ്രകൃത്യാ തന്നെ കൃഷിയിടം ഫലഭൂയിഷ്ടമാകും. മുട്ടയും പാലും ഇറച്ചിയും പച്ചക്കറിയും ഒറ്റ യൂണിറ്റിൽ നിന്ന് ലഭിക്കും. ഒരു കർഷകകുടുംബത്തിന് ജീവിക്കാനുള്ള വരുമാനം ഇതിൽ നിന്ന് കിട്ടും. കൂടുതൽ ഭൂമിയുള്ള കർഷകന് വിപുലമായ രീതിയിലും കൃഷി ചെയ്യാം എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസർ തിരുവനന്തപുരം പേട്ട സ്വദേശി ഡോ. അനി എസ് ദാസ് ആണ് സമ്മിശ്ര കൃഷിരീതി രൂപകല്പന ചെയ്തിരിക്കുന്നത്.


യൂണിറ്റിന് ചിലവ് 51400 .

കൂടാരവും വെള്ളക്കെട്ടും 10000

കുള്ളൻ പശുവും കുട്ടിയും 30000

മലബാറി ആടും കുട്ടിയും 9000

മൂന്ന് കോഴികൾ 1200

മൂന്ന് താറാവുകൾ 1200

പശുവിനെയും ആടിനെയും കോഴികളെയും താറാവുകളെയും പച്ചക്കറികളും ഒരു കുടകീഴിൽ വളർത്തുകയെന്ന പദ്ധതി ഇന്റർനാഷണൽ നിലവാരത്തിൽ പരീക്ഷണം നടത്തി വിജയിച്ചതാണ്. കൃഷിക്കാർക്ക് എത്ര വിപുലമായും ചെയ്യാവുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഡോ. അനി എസ് ദാസ് തിരുവനന്തപുരം

( അസോസിയേറ്റ് പ്രൊഫസർ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം).