കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ദിവസത്തെ പോലെ ഇന്നലെയും ചിലയിടങ്ങളിലെ തീപിടിത്തം ഭീതി നിറച്ചു. താണയിൽ സൂപ്പർമാർക്കറ്റും കൂൾബാറും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള ഫ്രഷ് സൂപ്പർമാർക്കറ്റും അതിനടുത്തുള്ള അപ്പൂസ് കൂൾബാറുമാണ് കത്തിനശിച്ചത്. മുപ്പതുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ അറിയിച്ചു. അഞ്ചുവർഷം മുൻപാണ് അഞ്ചരക്കണ്ടി സ്വദേശികളായ ബഷീറും അഷ്‌റഫും സൂപ്പർമാർക്കറ്റും കൂൾ ബാറും ഇവിടെ തുടങ്ങിയത്. സൂപ്പർമാർക്കറ്റിലെ നിത്യോപയോഗ സാധനങ്ങളും ഫർണീച്ചറുമടക്കമുള്ള സാധനങ്ങളാണ് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സംശയിക്കുന്നു. കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്.