കണ്ണൂർ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചുള്ള രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്‌സിനേറ്റർക്കുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് അർഹരായ രണ്ടുപേരിൽ കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ടി.ഭവാനിയും ഇവർക്ക് പുറമെ തിരുവനന്തപുരം തച്ചോട്ടുകാവ് സ്വദേശിയും ജനറൽ ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിംഗ് ഓഫീസറുമായ ടി.ആർ.പ്രിയയും ഇതെ അവാർഡിന് അർഹയായി.
കാസർകോട് മടിക്കൈ പഞ്ചായത്തിലെ ബങ്കളം സ്വദേശിനിയാണ് ടി.ഭവാനി.കഴിഞ്ഞ ഏഴുവർഷമായി പയ്യന്നൂർ താലൂക്ക് ഗവ.ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ്. 1989ൽ കാസർകോട് മംഗൽപാടി പി.എച്ച്.സിയിൽ നഴ്സായാണ് തുടക്കം. പിന്നീട് പെരിങ്ങോം പി.എച്ച്.സി, കരിവെള്ളൂർ സി.എച്ച്.സി, എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2004ലാണ് പി.എസ്.സി മുഖേന ജോലി ലഭിച്ചത്. വാക്സിനേഷനിൽ പയ്യന്നൂർ നഗരസഭയിൽ 66,249 ഒന്നാംഡോസും (108ശതമാനം) സെക്കൻഡ് ഡോസ് 63344 (103 ശതമാനം) നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വാക്സിനേറ്റർ ചുമതല വഹിക്കുന്ന ഭവാനിയെ തേടി അംഗീകാരമെത്തിയത്.
മടിക്കൈ ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപകൻ പി.വി.കുമാരന്റെ പത്നിയാണ്. ചെന്നൈയിൽ നഴ്സായി ജോലി ചെയ്യുന്ന ആവണി, അക്ഷര എന്നിവർ മക്കളാണ്.
ആദ്യമായാണ് അവാർഡ് ലഭിക്കുന്നത്.
. 8ന് ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാമിലി മെഡിസിനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ മുഖ്യാതിഥിയാവും. കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോക്ടർ ഭാരതി പ്രവിൻ പവാറും ചടങ്ങിൽ പങ്കെടുക്കും.
കൊവിഡ് മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ് വാക്സിനേഷൻ തുടങ്ങുന്നത്. പ്രതികൂല സാഹചര്യത്തിൽ പേടിയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീടത് തുടർന്നു. അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ആദ്യമായാണ് ഒരു അംഗീകാരം ലഭിക്കുന്നത്.- ഭവാനി