കണ്ണൂർ: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് കാണിക്കുന്ന മോശം പെരുമാറ്റത്തിനെതിരെ പരാതി പറയാൻ അവസരമൊരുങ്ങിയപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ ലഭിച്ചത് നൂറോളം പരാതികൾ. മോട്ടോർ വാഹന വകുപ്പിന്റെ വാട്സ് ആപ്പ് നമ്പറിലേക്കാണ് വിദ്യാർത്ഥികൾ പരാതികൾ അയച്ചത്. എന്നാൽ, അതീവഗൗരവമുള്ള പ്രശ്നങ്ങൾ ഇതുവരെ കുറവാണെന്നും നിസാര പ്രശ്നങ്ങൾ പോലും വിദ്യാർത്ഥികൾ അറിയിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സ്കൂൾ പരിസരത്ത് നിന്നും മറ്റ് ബസ് സ്റ്റാൻഡുകളിൽ നിന്നും വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതി കൂടുതലായി ലഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്, ആശുപത്രി സ്റ്റോപ്പ്, പ്രഭാത് ജംഗ്ഷൻ എന്നിവിടങ്ങളിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി നടപടി സ്വീകരിച്ചു. ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളെ കയറ്റാത്ത ബസുകൾക്കെതിരെ കേസെടുക്കാതെ താക്കീത് നൽകുകയാണ്. പരാതി തുടർന്നാൽ കേസ് രജിസ്റ്റർ ചെയ്യും.
ചെറിയ വിഭാഗം ബസ് ജീവനക്കാരിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് മോശം അനുഭവമുണ്ടാകുന്നത്.
ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടും വരെ പുറത്ത് നിർത്തുക, ആളൊഴിഞ്ഞിരിക്കുമ്പോൾ പോലും സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കൺസെഷൻ നൽകാതിരിക്കുക, കുട്ടികൾ കയറാനുള്ള ബസ് സ്റ്റോപ്പിൽ നിർത്താതെ പോകുന്നു തുടങ്ങിയ പരാതികൾ അറിയിക്കാനാണ് മോട്ടോർ വാഹനവകുപ്പ് അവസരമൊരുക്കിയത്. വിദ്യാർത്ഥി യാത്രക്കാരോടുള്ള വിവേചനത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനും നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികളോട് മര്യാദയില്ലാതെ പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കണമെന്നാണ് ബാലാവകാശ കമ്മീഷൻ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
പരാതിയിലും കുസൃതി
വാട്സ് ആപ്പിലൂടെ പരാതി സ്വീകരിക്കുമ്പോൾ വിദ്യാർത്ഥികളുടെ കുസൃതിയും നിറയുകയാണ്. വീട്ടിൽ നിന്ന് നടന്നുപോകുമ്പോൾ ബസ് കയറ്റാതെ പോയി എന്നുള്ള പരാതിയും ലഭിച്ചു. ഗൗരവമുള്ള വിഷയങ്ങൾക്ക് നടപടി സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
പരാതി അറിയിച്ച് നിരവധി വാട്സ് ആപ്പ് മെസേജുകളും ഫോണും എത്തുന്നുണ്ട്. ആദ്യഘട്ടത്തിൽ താക്കീത് നൽകുകയാണെങ്കിലും വീണ്ടും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കും.
മോട്ടോർ വാഹന വകുപ്പ് കൺട്രോൾ റൂം