
തളിപ്പറമ്പ്(കണ്ണൂർ): ധർമ്മശാലയിലെ അഫ്ര പ്ലൈവുഡ് കമ്പനി കത്തിനശിച്ച് അഞ്ചുകോടിയുടെ നഷ്ടം. വെള്ളിയാഴ്ച രാത്രി വൈകി പടർന്ന തീ പതിന്നാലു യൂണിറ്റ് ഫയർഫോഴ്സിന്റെ കഠിനപരിശ്രമത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണവിധേയമായത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. രാത്രി ഷിഫ്റ്റിൽ തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ തീപിടിത്തമുണ്ടായതോടെ എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
തളിപ്പറമ്പ് സ്വദേശി അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഡൈ ചേമ്പറിനാണ് ആദ്യം തീ പിടിച്ചത് പ്ലൈവുഡ് നിർമ്മിക്കാനുപയോഗിക്കുന്ന ടൺകണക്കിന് അസംസ്‌കൃത വസ്തുക്കളിൽ തീ പടർന്നതാണ് ഫാക്ടറി മുഴുവൻ കത്തിനശിക്കാൻ ഇടയാക്കിയത്. നാട്ടുകാരും അഗ്നിശമനസേനയും എത്തുന്നതിന് മുമ്പ് ഏതാണ്ട് എല്ലാ ഭാഗത്തേക്കും തീ വ്യാപിച്ചിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു.
അട്ടിവച്ച മൂവായിരത്തോളം പ്ലൈവുഡുകൾ, ജനറേറ്റർ, ബോയിലർ, പ്രസിംഗ് മെഷീൻ തുടങ്ങിയവ കത്തിനശിച്ചു. മേൽക്കൂരയും തകർന്നു വീണു. കെട്ടിടത്തിന്റെ തൂണുകൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്
പ്ലൈവുഡ് പുകഞ്ഞു കൊണ്ടിരുന്നത് തീ നിയന്ത്രണവിധേയമാക്കുന്നതിന് തടസമായി. ഒടുവിൽ രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പ്ലൈവുഡുകൾ നീക്കം ചെയ്താണ് തീയണയ്ക്കാനായത്.