 
പിലിക്കോട്: കർഷകരിലേക്കും വയലുകളിലേക്കും പണിശാലകളിലേക്കും ഇറങ്ങിച്ചെന്ന് ജനങ്ങളെ കാർഷിക വൃത്തിയിലേക്ക് അടുപ്പിക്കുകയാണ് കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം. സാധാരണയായി ശില്പശാലകളും സെമിനാറുകളും ട്രെയിനിംഗ് ക്യാമ്പുകളും ശാസ്ത്രജ്ഞർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വേണ്ടിയാണ് സർവ്വകലാശാലകളിലും കാർഷിക കേന്ദ്രങ്ങളിലും നടത്താറുണ്ടായിരുന്നത്. എന്നാൽ കേരളത്തിലെ കർഷകർക്ക് അറിവ് പകർന്നു നൽകാനായി ശില്പശാലകളും പരിശീലന കളരികളും നടത്തി മാതൃകയാവുകയാണ് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറ് കർഷകർ പങ്കെടുത്തത് പരിപാടിയുടെ മേന്മ വിളിച്ചോതി. ടി ഇന്റു ഡി തെങ്ങിൻ തൈ ഉണ്ടാക്കുന്നത് കേട്ടുമാത്രം പരിചയമുള്ള തിരുവനന്തപുരം ജില്ലയിൽ നിന്നു വരെയുള്ള കർഷകർ അത്യുല്പാദന ശേഷിയുള്ള തെങ്ങിൻ തൈകളെ കുറിച്ച് നേരിട്ടറിയാൻ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ എത്തിയിരുന്നു. ഏഴുവർഷം മുമ്പ് നൽകിയ ഉറപ്പുപാലിക്കാൻ കഴിഞ്ഞതിൽ തെക്കൻ ജില്ലകളിലെ കർഷകർക്ക് വലിയ സന്തോഷമായിരുന്നുവെന്ന് അസോസിയേറ്റ് ഡയറക്ടർ ഡോ. ടി. വനജ പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ സംസാരിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കൂൺ കൃഷി , യന്ത്രവൽക്കരണം, ജൈവ കൃഷി ഉത്പാദന ഉപാധികളുടെ നിർമ്മാണം എന്നിവയുടെ പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ഓരോന്നിന്റെയും ലാബുകളിൽ തന്നെ പരിശീലനം നൽകിയത് വനിതകൾ ഉൾപ്പെടെയുള്ള കർഷകർക്ക് സഹായകമായി.