കണ്ണൂർ: മട്ടന്നൂർ നിയോജക മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കമാകും. തരംഗം എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി നാളെ രാവിലെ 11ന് ചിറ്റാരിപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വച്ച് സ്പീക്കർ എം.ബി .രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് എം.എൽ.എ കെ.കെ. ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശിശു വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ മുഴുവൻ മേഖലകളെയും കണ്ണി ചേർത്തു കൊണ്ടുള്ള ജനകീയ വിദ്യാഭ്യാസ പദ്ധതിയാണ് മണ്ഡലത്തിൽ നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവസ്ഥാ പഠനം നടത്തിയിട്ടുണ്ട്. ഒരു മാസ്റ്റർ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെ കൂടുതൽ ജനകീയമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി. ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം യു.പി .ശോഭ, പി.വി ദിവാകരൻ, എൻ.ഷാജിത്ത്, പി. മധുസൂദനൻ എന്നിവർ സംബന്ധിച്ചു.