ആലക്കോട്: ഹോട്ടലുകളിലും തട്ടുകടകളിലും വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾക്ക് വില കയറിയേക്കും. പാമോയിലിനുണ്ടായിക്കൊണ്ടിരിക്കുന്ന വില വർദ്ധനയാണ് ഹോട്ടൽ ഭക്ഷണത്തിന്റെ വിലയെയും ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നത്.

മുമ്പ് ഒരു ലിറ്റർ പാമോയിലിന് 100 മുതൽ 120 രൂപ വരെയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 170 ലെത്തി നിൽക്കുന്നു. വെളിച്ചെണ്ണയുടെ വില ലിറ്ററിന് 165 രൂപയാണ്. പക്ഷേ, എണ്ണക്കടികളുണ്ടാക്കണമെങ്കിൽ പാമോയിൽ തന്നെ വേണമെന്നതാണ് കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്നത്. വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ഭക്ഷണത്തിന് രുചി കൂടുമെങ്കിലും എണ്ണ കൂടുതലായി ഉപയോഗിക്കണം. കൂടാതെ ചൂടോടെ ഉപയോഗിക്കുകയും വേണം.

മുമ്പ് 10 രൂപയ്ക്ക് ലഭിച്ചിരുന്ന പൊറോട്ടയ്ക്കും എണ്ണക്കടികൾക്കും മിക്ക സ്ഥലങ്ങളിലും 12 രൂപയാക്കിയിട്ടുണ്ട്. സ്‌പെഷ്യലിന് വില കൂടുന്നത് മിക്കയാളുകളും അറിയുന്നതേയില്ല. ഭക്ഷ്യ എണ്ണകളിൽ ഏറ്റവും വില കുറച്ച് വിപണിയിൽ കിട്ടിക്കൊണ്ടിരുന്ന പാമോയിലിന്റെ വിലക്കയറ്റം വെളിച്ചെണ്ണയുടെ ഡിമാന്റ് വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ നികുതി വർദ്ധിപ്പിച്ചതാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്.