കാസർകോട്: റോഡ് നവീകരണത്തിന്റഎ ഭാഗമായി തണൽമരങ്ങളും ബസ് സ്റ്റാൻഡുകളും പൊളിച്ചു മാറ്റിയ സാഹചര്യത്തിൽ താൽക്കാലിക ടെന്റുകൾ അനുവദിക്കണമെന്ന് കാസർകോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ചൂട് ദിനംപ്രതി രൂക്ഷമാവുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ പൊതു വാഹനങ്ങളെ ആശ്രയിക്കുന്ന സാധാരണ ജനങ്ങൾക്കും കാൽനടക്കാർക്കും വിദ്യാർത്ഥികൾക്കും സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ താത്കാലിക ടെന്റുകൾ എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സ്വകാര്യബസ്സിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള അതിക്രമം വർധിച്ചുവരികയാണ്. കൊടും ചൂടിലും ബസ് കേറാൻ അനുവദിക്കാതെ പുറത്ത് കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥയാണ് . ബസ്സിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിലും വിദ്യാർഥികൾക്ക് ഇരിക്കാൻ അനുവാദമില്ല. ഇരുവിഷയങ്ങളിലും അടിയന്തരമായ പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അണങ്കൂർ ആയുർവേദ ആശുപത്രിയുടെ ഭൂമി വികസനവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം.
ജില്ലയിലെ കോളേജുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു.സ്‌കൂളിൽ വിമുക്ത പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ക്യാമ്പുകൾ രൂപീകരിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുന്നുണ്ടെന്നും എല്ലാ വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് ബോധവൽക്കരണം നടത്തുന്നുവെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ അധ്യക്ഷത വഹിച്ചു.
നീലേശ്വരം ഇടത്തോട് റോഡിന്റെ പണി
ഉടൻ പൂർത്തിയാക്കണം
മലയോര മേഖലയിലുള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നീലേശ്വരം - ഇടത്തോട് റോഡിന്റെ പണി എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൊസ്ദുർഗ് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു. റോഡ് ടാറിംഗ് മെറ്റലും ടാർ മിക്സിംഗും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതായും ഇതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് തഹസിൽദാർ മണിരാജ് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.