fisheries
പെർമിറ്റ് അനുവദിക്കുന്നതിനുള്ള പരിശോധന

കാഞ്ഞങ്ങാട് :പോയ വർഷം ആയിരത്തിലധികം പരമ്പരാഗത വള്ളങ്ങൾക്ക് ലഭിച്ച മണ്ണെണ്ണ പെർമിറ്റ് ഇക്കുറി 455 എണ്ണത്തിന് മാത്രമായി ചുരുങ്ങും. എൻജിനുകൾ പെർമിറ്റിന് അർഹമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് എത്തിയ അപേക്ഷകളെല്ലാം അനുവദിച്ചിട്ടുണ്ടെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.വി.സതീശൻ പറഞ്ഞു. പത്തു വർഷത്തിലധികം പഴക്കമുള്ള വള്ളങ്ങൾക്ക് ഇത്തവണ പെർമിറ്റ് അനുവദിക്കാത്തതാണ് എണ്ണം കുത്തനെ കുറയാൻ കാരണം. ഇന്ധന ലഭ്യതക്കുറവും വിലക്കയറ്റവും പരമ്പരാഗത മത്സ്യ തൊഴിലാളികളെ വട്ടം കറക്കുമ്പോൾ പെർമിറ്റ് ലഭിക്കാത്ത മത്സ്യ തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുസ്സഹമാകും.

പത്തുവർഷത്തിലധികം പഴക്കമുള്ള യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് നൽകാതെ വന്നതോടെ ജില്ലയിൽ മാത്രം ആയിരക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്.

മാസം 135 ലീറ്റർ മണ്ണെണ്ണയാണ്9.9 എച്ച്.പി വരെയുള്ള വള്ളങ്ങൾക്ക് പെർമിറ്റ് വഴി അനുവദിക്കുന്നത്. 25 എച്ച്.പി. മുകളിലുള്ള വള്ളങ്ങൾക്ക് 175 ലീറ്റർ മണ്ണെണ്ണയും നൽകുന്നുണ്ട്. എന്നാൽ മിക്കപ്പോഴും 80 ലീറ്റർ വരെ മാത്രമാണ് കഴിഞ്ഞ തവണ ഓരോ മാസവും കിട്ടിയതെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.ഇതിനാൽ കൂടുതൽ പേരും കരിഞ്ചന്തയെ ആശ്രയിക്കുകയാണ്. പെർമിറ്റ് വഴി 60 രൂപയ്ക്ക് കിട്ടുന്ന മണ്ണെണ്ണയ്ക്ക് കരിഞ്ചന്തയിൽ 90 രൂപ നൽകണം. പതിനഞ്ചുവർഷം വരെ പഴക്കമുള്ള യാനങ്ങൾക്ക് പെർമിറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധീവരസഭയുടെ നേതൃത്വത്തിൽ സമരം നടത്തിയെങ്കിലും തീരുമാനം ഇതുവരെ മാറ്റിയിട്ടില്ല.

വല നിറച്ചും ദുരിതം

കടലിൽ മത്തി അടക്കമുള്ള മീനുകളുടെ കുറവ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വളരെയധികം ബാധിക്കുന്നു. കരയോടു ചേർന്നുള്ള ബോട്ടുകളുടെ അനധികൃത മീൻ പിടിത്തവും ഇതര സംസ്ഥാന ബോട്ടുകളുടെ അമിത വെളിച്ചം ഉപയോഗിച്ചുള്ള മീൻ പിടിത്തവും മീനുകളുടെ കുറവിന് വലിയ കാരണമായതായി മത്സ്യ തൊഴിലാളികൾ ആരോപിക്കുന്നു. .കരിഞ്ചന്തയിൽ നിന്നു തീവില കൊടുത്ത്മണ്ണെണ്ണ വാങ്ങി കടലിൽ പോയി മിക്ക ദിവസം വെറും കൈയോടെ മടങ്ങേണ്ടിവരികയാണെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു

.

സബ്‌സിഡിയുണ്ട്,​ കാത്തിരിക്കണം

മത്സ്യഫെഡ് മണ്ണെണ്ണയ്ക്ക് നൽകുന്ന സബ്‌സിഡിയാണ് മത്സ്യതൊഴിലാളികൾക്ക് ആശ്വാസം പകരുന്നത്. വിപണി വിലയ്ക്കാണ് മത്സ്യഫെഡ് സബ്‌സിഡി നൽകുന്നത്. എന്നാൽ സബ്‌സിഡി തുക ബാങ്കിലേക്ക് എത്താൻ അഞ്ചും ആറും മാസങ്ങൾ കഴിയണം..