 
പരിയാരം: നാടിനും ജനങ്ങൾക്കും തണലാവുന്ന വിധം സേവനോൻമുഖ ജനകീയസേനയാക്കി കേരളാ പൊലീസിനെ മെച്ചപ്പെടുത്തുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിയാരത്ത് 1.81 കോടി രൂപാ ചെലവിൽ നിർമ്മിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസന സമൂഹമെന്ന നിലയിലാണ് കേരളം മുന്നോട്ട് പോകുന്നത്. നാട്ടിലെ സമാധാന ജീവിതം പൂർണതയിലെത്താൻ പൊലീസ് കൂടുതൽ മെച്ചപ്പെടണം. അതിന്റെ ഭാഗമാണീ വികസനങ്ങൾ. ക്രമസമാധാന പാലനത്തിൽ നല്ല രീതിയിലാണ് സേനയുടെ പ്രവർത്തനം. പ്രശംസാർഹമായ രീതിയിൽ കുറ്റാന്വേഷണ രംഗത്തും കേരളാ പൊലീസ് സജീവമാണ്. പുതിയ കാലത്ത് ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാൻ കുറ്റവാളികൾ ശ്രമിക്കുന്നു. അതിനാൽ കൂടുതൽ സുസജ്ജമായ കുറ്റാന്വേഷണ സംവിധാനം വേണം. സൈബർ ചതിക്കുഴികൾ പലതരത്തിലാണ് പ്രയോഗിക്കുന്നത്. നാടിന്റെ വികസനവും ക്ഷേമവും പൂർണ്ണ തോതിൽ നടക്കുന്നതിന് സമാധാനവും ഐക്യവുമാണ് വേണ്ടത്. അതിന് കേരളാ പൊലീസിനെ സുസജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലത്തിന് ചേർന്ന കെട്ടിടത്തിലേക്ക് പരിയാരം പൊലീസ്
പരിയാരത്ത് 1.81 കോടി രൂപാ ചെലവിൽ നിർമ്മിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.
എം.വിജിൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി വിശിഷ്ടാതിഥിയായി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി വിജയ് സാക്കറെ, റൂറൽ ജില്ലാ പൊലീസ് മേധാവി പി ബി. രാജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, മുൻ എം.പി കെ. കെ. രാഗേഷ്, മുൻ എം.എൽ.എ ടി .വി രാജേഷ് , വാർഡംഗം വി .എ കോമളവല്ലി, കെ പി .ഒ.എ ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ, കെ.പി.എ സെക്രട്ടറി എ. പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.
21 പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം;പതിനാല് തറക്കല്ലിടുകൾ
മൂന്നു കോടി രൂപ ചെലവിൽ നിർമ്മിച്ച ആറൻമുള പൊലീസ് സ്റ്റേഷൻ കെട്ടിടം, 2.68 കോടി രൂപ ചെലവിൽ നിർമ്മിച്ച കുന്നംകളം പൊലീസ് സ്റ്റേഷൻ കെട്ടിടം, 1.34 കോടി രൂപ ചെലവിൽ നിർമ്മിച്ച തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ കെട്ടിടം, ബദിയടുക്ക, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകൾ, കുമ്പള, ഏറ്റുമാനൂർ, കാളിയാർ, ആലപ്പുഴ എന്നിവിടങ്ങളിലെ ജില്ലാ ഫോറൻസിക് ലാബോറട്ടറികൾ വിവിധ സ്റ്റേഷനുകളിലെ ശിശു സൗഹ്യദ ഇടങ്ങൾ, ക്വാട്ടേഴ്സുകൾ, എന്നിവയുടെ ഉൽഘാടനവും മലപ്പുറം ജില്ലാ പൊലീസ് കാര്യാലയമടക്കം പതിനാല് വിവിധ കെട്ടിടങ്ങളുടെ തറക്കില്ലടലും മുഖ്യമന്ത്രി പരിയാരത്ത് നിന്ന് ഓൺലൈനായി നിർവ്വഹിച്ചു.
സംസ്ഥാനത്തെ വിവിധ വേദികളിൽ പോലീസ് സൂപ്രണ്ട് ടെലികമ്മ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിലുള്ള പോലീസ് വിഭാഗമാണ് സാങ്കേതിക സംവിധാനമൊരുക്കിയത്.