 
പാനൂർ :യുക്രയിനിൽ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അഞ്ചാം വർഷ എം.ബി. ബി.എസ്.വിദ്യാർത്ഥിനി
ജെ.അമയ കഴിഞ്ഞ ദിവസമാണ് സ്വന്തം വീടായ പത്തായക്കുന്ന് മൂഴി വയലിലെ "വിഷ്ണു "നിവാസിൽ എത്തിയത്. പുലർച്ചെ വീട്ടിലെത്തിയതോടെ ഒരാഴ്ചയിലേറെയായി ആശങ്കയിൽ കഴിഞ്ഞ വീട്ടുകാർക്ക് ആശ്വാസമായെങ്കിലും സുമിയിൽ കഴിയുന്ന കൂട്ടുകാരെ കുറിച്ചോർത്ത് ആധിയിലാണ് ഈ പെൺകുട്ടി.
വീട്ടിലെത്തിയത് മുതൽ കൂട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒറ്റ തവണയാണ് കൂട്ടത്തിൽ ഒരു സഹപാഠിയെ കിട്ടിയത്. "അവിടെ കറണ്ടില്ല, വെള്ളമില്ല. ഫോൺ റേഞ്ച് അപൂർവം , കരുതി വെച്ച ഭക്ഷണവും തീരാറായി. താമസ സ്ഥലത്തിനു മുന്നിൽ ഷെല്ലാക്രമണവും സ്ഫോടനവും തുടരുകയാണ് "- സുഹൃത്തിൽനിന്ന് ലഭിച്ച വിവരങ്ങൾ അമയയെ വല്ലാതെ സങ്കടത്തിലാഴ്ത്തുകയാണ്.
കൊവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞ് ഫെബ്രുവരി മൂന്നിനാണ് അമയ വിസ പുതുക്കാനായി യുക്രൈയിനിലേക്ക് പോയത്. ജൂണിൽ പരീക്ഷയാണ്. അത് കഴിഞ്ഞ് വെക്കേഷനിൽ നാട്ടിൽ തിരിച്ചു വരാമന്ന് കരുതി. സുമിയിലെത്തി വിസ ശരിയാക്കാനായി കീവിൽ കഴിയുമ്പോഴാണ് യുദ്ധം പൊട്ടി പുറപെട്ടത്. പാസ് പോർട്ട് വാങ്ങി റെയിൽവേ സ്റ്റേഷനിലെത്താൻ മണിക്കൂളോളം യാത്ര ചെയ്തു. അപ്പോഴേക്കും ട്രെയിൻ വിട്ടുപോയിരുന്നു. പിന്നാലെ വന്ന ട്രെയിനിലാകട്ടെ യുക്രെയിൻകാരെ മാത്രമെ കയറ്റിയിരുന്നുള്ളു. അമയയടക്കം അഞ്ചംഗ വിദ്യാർത്ഥിസംഘം. ഒന്നര ലക്ഷത്തോളം രൂപ നല്കി. ടാക്സി പിടിച്ചാണ് അടുത്ത സ്റ്റേഷൻ പിടിച്ചത്. പതിമൂന്നുമണിക്കൂറോളം നീണ്ട ദുരിതയാത്രയ്ക്കു ഒടുവിലാണ് എംബസി ക്യാമ്പിലെത്തിയത്. ഇവിടെ നിന്നും റുമാനിയയിലെ എംബസിയിൽ എത്തിയതോടെ ഭക്ഷണവും തണുപ്പിനുള്ള വസ്ത്രവും വിമാനത്താവളത്താൻ വാഹനവും ലഭിച്ചു. ഇന്ത്യൻ പതാക കെട്ടിയ വാഹനത്തിൽ യാത്രചെയ്യുന്നതിന് തടസമെന്നുമുണ്ടായില്ല. പത്തു മണിക്കൂറോളം ക്യൂ നിന്ന് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി.
മുൻഗണനാക്രമം പാലിച്ചാണ് ഇന്ത ഇന്ത്യൻവിമാനത്തിലേക്ക് കടത്തിവിടുന്നത്.ഡൽഹിയിലെത്തിയ ശേഷം കേരള ഹൗസിൽ താമസിപ്പിച്ച് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ഏറണാകുളം വിമാന താവളത്തിൽ ഇറങ്ങി. സംസ്ഥാനസർക്കാർ ഏർപ്പാടാക്കിയ കെ എസ് .ആർ .ടി .സി വഴി പുലർച്ചെ നാലു മണിയോടെ നാട്ടിലെത്തി.
കെ.പി.മോഹനൻ എം.എൽ.എ അമയയെ വീട്ടിലെത്തി സന്ദർശിച്ചു. ഒരാഴ്ചയിലേറെ മകളെയോർത്ത് ആശങ്കയോടെയാണ് കഴിഞ്ഞതെന്ന് മട്ടന്നൂരിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന അച്ഛൻ ജനാർദ്ദനനും റിട്ട.അദ്ധ്യാപികയായ അമ്മ അനശ്വരി ദേവിയും പറഞ്ഞു.. ഡോ.അൽജന ,മെഡിക്കൽ വിദ്യാർത്ഥിയായ വിഷ്ണു എന്നിവർ അമയയുടെ സഹോദരങ്ങളാണ്.
പാനൂർ മേഖലയിൽ അഞ്ചു വിദ്യാർഥികൾ തിരിച്ചെത്തി :
പാനൂർ :ഉക്രെയിനിലെ മെഡിക്കൽ വിദ്യാർത്ഥികളായ അഞ്ചു പേർ വീട്ടിൽ തിരിച്ചെത്തി. . പാറാട് കൊമ്പന്റെവിടെ ഉമ്മറിന്റെയും ഹാജറയുടെയും മകൾ ഹിബ ഉമ്മർ (20), മരുന്നന്റെവിടെ കുഞ്ഞമ്മദിന്റെയും സുലൈഖയുടെയും മകൻ ഫായിസ് (21), പത്തായത്തിൽ മുഹമ്മദ് അഷ്രഫിന്റെയും സമീറയുടെയും മകൻ അഹമ്മദ് ബിഷർ (19), ചെറുപ്പറമ്പ് വണ്ണത്താം ക്കണ്ടിയിൽ സുൾഫിക്കറുടെയും, ജുബൈരിയ്യയുടെയും മകൾ റാനിയ സുൾഫിക്കർ (20), കൈവേലിക്കൽ കല്ലുളപറമ്പത്ത് മുജീബിന്റെയും, സാജിതയുടെയും മകൾ ഹിബ ഫാത്തിമ (20) എന്നിവരാണ് ഞായറാഴ്ച്ച വെളുപ്പിന് ഒരു മണിയോടെ വീടുകളിൽ എത്തിയത്.
കെ പി മോഹനൻ എം എൽ എ വിദ്യാർഥികളെ സന്ദർശിച്ച് പൂച്ചെണ്ടുകൾ നല്കി. എം എൽ എ യോടൊപ്പം വിദ്യാർഥികൾ അനുഭവങ്ങൾ പങ്കു വെച്ചു.