
കണ്ണൂർ: ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉയരുന്നു എന്നതുകൊണ്ട് നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കാനോ മാറ്റിവയ്ക്കാനോ, തത്കാലം അവിടെ ഇരിക്കട്ടെ എന്നുവയ്ക്കാനോ സർക്കാർ തയ്യാറാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) പയ്യന്നൂർ ഏറ്റുകുടുക്കയിലെ 35 ഏക്കറിൽ സ്ഥാപിച്ച 12 മെഗാവാട്ട് സൗരോർജ പ്ലാന്റ് നാടിന് സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
വൻകിട പദ്ധതികളോടൊപ്പം പരിസ്ഥിതി സൗഹൃദമായ വികസനം നടപ്പാക്കിയാണ് സർക്കാർ മുന്നോട്ടുപോവുന്നത്. ചില വികസന പ്രവർത്തനങ്ങൾ നടപ്പാക്കും എന്നു പറഞ്ഞാൽ നടപ്പാക്കും എന്നുതന്നെയാണർത്ഥം. വികസന പ്രവർത്തനം ഇപ്പോൾ നടപ്പാക്കാൻ പാടില്ലെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്കും ഭാവി തലമുറയ്ക്കും വേണ്ടിയുള്ളതാണ് ഇത്തരം പദ്ധതികൾ. അവരുടെ മുന്നിൽ നമ്മൾ കുറ്റക്കാരാകാൻ പാടില്ല. നമ്മുടെ സമൂഹത്തിനും പരിസ്ഥിതിയ്ക്കും ഇണങ്ങുന്ന വികസന പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുകയെന്ന് ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എം.വി.ഗോവിന്ദൻ, എം.എൽ.എമാരായ ടി.ഐ. മധുസൂദനൻ, എം. രാജഗോപാലൻ എന്നിവർ വിശിഷ്ടാതിഥികളായി. സിയാൽ എം.ഡി എസ്.സുഹാസ് സ്വാഗതവും സിയാൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടർ പി. ജോസ് തോമസ് നന്ദിയും പറഞ്ഞു. പദ്ധതിയുമായി സഹകരിച്ച ടാറ്റാ പവർ പ്രതിനിധികൾക്കുള്ള ഉപഹാരം മധുസൂദനൻ എം.എൽ.എ നൽകി.
പ്രതിദിനം 48000 യൂണിറ്റ്
ഏറ്റുകുടുക്കയിൽ സ്ഥാപിച്ച 12 മെഗാവാട്ട് സൗരോർജ പ്ളാന്റിലൂടെ പ്രതിദിനം 48000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതോടെ സിയാലിന്റെ സോളാർ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് ആയി. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഭൂഗർഭ കേബിൾ വഴി കാങ്കോൽ 110 കെ വി സബ്സ്റ്റേഷനിലേക്കാണ് നൽകുന്നത്. അധിക വൈദ്യുതി കെ.എസ്.ഇ.ബിയുടെ പവർ ഗ്രിഡിലേക്ക് നൽകി ആവശ്യമുള്ളപ്പോൾ തിരിച്ചു ലഭിക്കുന്ന പവർ ബാങ്കിംഗ് സമ്പ്രദായമാണ് സിയാൽ നടപ്പാക്കുന്നത്.