പാനൂർ: ലോകജനത സമാധാനത്തിന്റെ വാതിലിലേക്ക് കടക്കാൻ മനുഷ്യന് ആത്മീയതയുടെ അടിത്തറ ആവശ്യമാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് വള്ള്യായിയിൽ ആരംഭിച്ച സത്സംഗ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.

ആത്മീയവഴിയിൽ ഗുരുവിനെ തിരുത്താൻ പോകുന്നതാണ് ശിഷ്യർക്ക് പറ്റുന്ന അപകടമെന്നും ഇതാണ് ആത്മീയ ചരിത്രത്തിലെ മൂല്യച്യുതിയെന്നും സ്വാമി അഭിപ്രായപ്പെട്ടു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി സന്ദേശം നൽകി. ജനനി അഭേദ, സ്വാമി ജനനന്മ, സ്വാമി ചിത്തശുദ്ധൻ, സ്വാമി ജയപ്രിയൻ, ഗിരീഷ്, ആർ.കെ നാണു, ദാമോദരൻ എന്നിവർ പ്രസംഗിച്ചു. സ്വാമി സ്‌നേഹാത്മ ജ്ഞാന തപസ്വി, രവീന്ദ്രൻ, രമണൻ, സുജീന്ദ്രൻ, ഹർഷദ് ലാൽ, സ്‌നേഹിത, ശ്വേത മുരളീധരൻ എന്നിവർ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ശാന്തിഗിരി വിദ്യാനിധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും സത്സംഗത്തോടനുബന്ധിച്ച് നടന്നു. വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം തലശ്ശേരി ഏരിയ സീനിയർ കൺവീനർ ടി. രാജീവൻ സ്വാഗതവും ശാന്തിമഹിമ കോർഡിനേറ്റർ കെ.പി ശരിൻ രാജ് നന്ദിയും പറഞ്ഞു.

മേയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവഒലി ജോതിർദിനാഘോഷങ്ങളുടെ ഭാഗമായാണ് കണ്ണൂരിൽ സത്സംഗ പരമ്പരക്ക് തുടക്കം കുറിച്ചത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ വാർഷികമായാണ് നവഒലി ജ്യോതിർദിനം ആചരിക്കുന്നത്.