കണ്ണൂർ:വടക്കൻകേരളത്തിന്റെ രാഷ്ട്രീയ, ആത്മീയ ഭൂമിയെ സ്‌നേഹിക്കുകയും ഏറെ അടുത്തറിയുകയും ചെയ്ത അപൂർവ്വ വ്യക്തിത്വമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. രാഷ്ട്രീയവും ആത്മീയവുമായ നേതൃത്വത്തിലിരിക്കുമ്പോഴും ജനങ്ങളോട് കൂടുതൽ അടുത്തുപ്രവർത്തിക്കുകയായിരുന്നു അദ്ദേഹം .
കണ്ണൂരിലെ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ഒരു പ്രത്യേക ഇഷ്ടം അദ്ദേഹം ഉള്ളിൽ സൂക്ഷിച്ചു.
കണ്ണൂരിലെ നേതാക്കളെയും പ്രവർത്തകരെയും പേരെടുത്തു വിളിക്കാവുന്ന അടുത്ത ബന്ധവും സ്‌നേഹവും അദ്ദേഹം പുലർത്തിയിരുന്നു.വി.കെ.അബ്ദുൽ ഖാദർ മൗലവിയുൾപ്പെടെയുള്ള ജില്ലയിലെ നേതൃനിരയെ വലിയ ഇഷ്ടമായിരുന്നു ഹൈദരലി തങ്ങൾക്ക്.
അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മുത്തപുത്രന്റെയും മൂത്ത പുത്രിയുടെയും വിവാഹബന്ധം കണ്ണൂരിലിൽ നിന്നാണ് നടത്തിയത്. അത് വഴിയുള്ള കുടുംബ ബന്ധവും അദ്ദേഹവും കുടപ്പനക്കുന്ന് തറവാടും കണ്ണൂരുമായി കാത്തു സൂക്ഷിച്ചു പോന്നു.സമസ്തയുടെ പ്രസിഡന്റായിരുന്ന സയ്യിദ് അസ്ഹരിതങ്ങളുടെ മരണശേഷം കണ്ണൂർ ജില്ലയിലെ നാനൂറോളം മുസ്ലിം മഹല്ലുകളുടെ ഖാസിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ.
കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ഓഫീസായ ബാഫഖി തങ്ങൾ സൗധം നവീകരിച്ച ഉദ്ഘാടനം ചെയ്യുന്നതിനായിരുന്നു തങ്ങൾ പാർട്ടിപരിപാടിയെന്ന നിലയിൽ അവസാനമായി കണ്ണൂരിലെത്തിയത്.പിന്നീട് ഒട്ടേറെ സ്വകാര്യ, മത ചടങ്ങുകളിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി പറഞ്ഞു.