നീലേശ്വരം : പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കാർഷിക ശാസ്ത്രജ്ഞനുമായ ദിവാകരൻ നീലേശ്വരത്തിന്റെ നഴ്സറിയിലെ കണ്ടൽച്ചെടികൾ ഇനി ഗുരുവായൂരിലും വളരും. തൃശൂർ ജില്ലാ ഹരിത കേരളം മിഷൻ ജീവനം നീലേശ്വരം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കണ്ടൽ വനവൽകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂർ ജില്ലയിലെ പുന്നയൂർ ഗ്രാമ പഞ്ചായത്തിൽ നടന്നു.
ഒറ്റ ദിവസം കൊണ്ടു തന്നെ ആയിരം ചെടികളാണ് നട്ടത്. ദിവാകരന്റെ നഴ്സറിയിൽ നിന്നുള്ള പതിനായിരം തൈകളാണ് തൃശൂർ ജില്ലയിലേക്ക് മാത്രം നൽകിയിരിക്കുന്നത്. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലുമായി ഒരു ലക്ഷം കണ്ടൽ വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുകയാണ് ദിവാകരന്റെ ലക്ഷ്യം. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് ഈ ബൃഹദ് പദ്ധതി ജില്ലകൾ തോറും നടപ്പിലാക്കുന്നത്. മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും പ്രളയം പോലുള്ള ദുരന്തങ്ങളിൽ നിന്ന് മാനവരാശിയെ രക്ഷിക്കുന്നതിനും കൂടി ഉദ്ദേശിച്ചു കൊണ്ടാണ് കണ്ടൽ വനവൽക്കരണ പദ്ധതി നടപ്പിലാക്കുന്നതെന്ന് ദിവാകരൻ പറഞ്ഞു.
ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. ദിവാകരൻ നീലേശ്വരം, നീലേശ്വരം നഗരസഭ കൗൺസിലർ കെ.വി. വിനയരാജൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നാസർ, ഹരിത കേരളം മിഷൻ കോർഡിനേറ്റർ പി.എസ്. അജയ് കുമാർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.