പയ്യാവൂർ: ടിന്റു ലൂക്ക ഉൾപ്പെടെയുള്ള ഒളിമ്പ്യന്മാരെ സംഭാവന ചെയ്ത മലയോര മേഖല കായിക പ്രതിഭകളുടെ അക്ഷയഖനിയാണെന്ന് പി.ടി. ഉഷ അഭിപ്രായപ്പെട്ടു. അഡ്വ.സജീവ് ജോസഫ് എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശന്റെ നേതൃത്വത്തിൽ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ ഈ വർഷത്തെ സെലക്ഷൻ ട്രയൽസിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അവർ. ആദ്യമായാണ് കേരളത്തിൽ ഒരു എം.എൽ.എയുടെ നേതൃത്വത്തിൽ ഇത്തരം ട്രയൽസ് നടത്തുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.

പൈസക്കരി ദേവമാതാ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ട്രയൽസ് അഡ്വ. ടി.സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. ദിശ ദർശൻ കേരളത്തിലെ മുഴുവൻ നിയമസഭാ സാമാജികർക്കും മാതൃകയാണെന്ന് ടി. സിദ്ധിഖ് അഭിപ്രായപ്പെട്ടു. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇന്നത്തെ സെലക്ഷനോടു കൂടി മലയോര മേഖലയിലെ കായികപ്രതിഭകൾക്ക് വലിയ അവസരങ്ങളാണ് തുറന്നു വെച്ചിരിക്കുന്നതെന്ന് സജീവ് ജോസഫ് അഭിപ്രായപ്പെട്ടു. ഫാ സെബാസ്റ്റ്യൻ പാലക്കുഴി പി.ടി.ഉഷയെ പെന്നാടയണിയിച്ച് ആദരിച്ചു. ട്രയൽസിന് മുൻപായി പൈസക്കരി പൗരാവലിയുടെ നേതൃത്വത്തിൽ ഒളിമ്പ്യൻ പി.ടി.ഉഷയ്ക്ക് ഹൃദ്യമായ സ്വീകരണം നല്കി.

ദിശാ ദർശന്റെ ആഭിമുഖ്യത്തിൽ പൈസക്കരിയിൽ നടത്തുന്ന ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്സിലേക്കുള്ള സെലക്ഷൻ ട്രയൽസ് ടി. സിദ്ദിക്ക് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.