തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി. ആയിരക്കണക്കിന് വരുന്ന ഭക്തജനങ്ങളെ സാക്ഷിനിർത്തി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ഇനിയുള്ള 14 ദിവസങ്ങൾ തളിപ്പറമ്പിന് ഉത്സവദിനങ്ങളാണ്.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ മഴൂർ ബലഭദ്ര സ്വാമി ക്ഷേത്രത്തിൽ നിന്നും ബലരാമന്റെ തിടമ്പ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടക്കുകയും പുലർച്ചെ രണ്ടരയോടെ പൂക്കോത്ത് നടയിൽ രാമകൃഷ്ണന്മാരുടെ ബാലലീലകളുടെ പുനരാവിഷ്കാരമായ തിടമ്പുനൃത്തവും ഉണ്ടായി. തൃച്ചംബരത്തപ്പനായ ഭഗവാൻ ശ്രീകൃഷ്ണനും ജ്യേഷ്ഠ സഹോദരനായ മഴൂരപ്പൻ ബലരാമനും തമ്മിലുള്ള ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും നേർക്കാഴ്ച കൂടിയാണ് തൃച്ചംബരം ഉത്സവം. ഈ മാസം 20 ന് വൈകീട്ട് നടക്കുന്ന കൂടി പിരിയൽ ചടങ്ങോടെ ഉത്സവം സമാപിക്കും.

പടം.:: കൊടിയേറ്റം