കണ്ണൂർ: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെ 12 വർഷത്തിനു ശേഷമുള്ള ശമ്പള പരിഷ്കരണ ഉത്തരവിറങ്ങി 12 മാസം പിന്നിട്ടിട്ടും വർദ്ധനവിന്റെ ആനുകൂല്യം ജീവനക്കാർക്ക് ലഭിക്കുവാൻ നടപടി ഇല്ല. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപീകരിക്കുകയും 2009 - ൽ ശമ്പള പരിഷ്കരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നിങ്ങോട്ട് 12 വർഷം പിന്നിട്ടിട്ടും ശമ്പള പരിഷ്കരണം നടത്തുവാൻ അധികൃതർ തയ്യാറായിരുന്നില്ല. ഏറെ മുറവിളികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും പരിഷ്കരണത്തിന്റെ ആനുകൂല്യം ലഭിക്കുവാൻ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ ഐ.എൻ.ടി.യു.സിയും എംപ്ലോയീസ് കോൺഗ്രസും.


ഉത്തരവിൽ ഏറെ അപാകതകൾ

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ശമ്പള ഉത്തരവ് ഏറെ അപാകതകൾ നിറഞ്ഞതായിരുന്നു. ഭൂരിഭാഗം ജീവനക്കാർക്കും ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളം തന്നെ നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു. വരുമാന പരിധി വർദ്ധിപ്പിച്ച് ക്ഷേത്രങ്ങളെ താഴ്ന്ന ഗ്രേഡിലേക്ക് തരം താഴ്ത്താനുള്ള തീരുമാനവും പ്രതിഷേധത്തിന് കാരണമായി. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ യൂണിയനുകൾ നിവേദനം നൽകിയതിനെ തുടർന്ന് ചില അപാകതകൾ പരിഹരിച്ച് കഴിഞ്ഞ ജനുവരിയിൽ പുതിയ ഉത്തരവ് ഇറങ്ങിയെങ്കിലും രണ്ട് മാസമായിട്ടും ജീവനക്കാർക്ക് ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല. ശമ്പള പരിഷ്കരണത്തിന്റെ ഫിക്സേഷൻ നടപടികളും പൂർത്തികരിച്ചിട്ടില്ല.

ബോർഡിന്റെ മാനേജ്മെന്റ് ഫണ്ടിൽ നിന്നും ശമ്പള കുടിശ്ശിക ലഭിക്കുന്ന ഭൂരിഭാഗം ക്ഷേത്രങ്ങൾക്കും 2021 ആഗസ്റ്റിനു ശേഷം ശമ്പളം ലഭിച്ചിട്ടില്ല. ചില ക്ഷേത്രങ്ങളിൽ ഒരു വർഷത്തെ ശമ്പള കുടിശ്ശിക നൽകാൻ ബാക്കിയുണ്ട്.

ഉടൻ നടപടി വേണം

ജീവനക്കാർക്ക് നിലവിലെ മുഴുവൻ ശമ്പള കുടിശ്ശികയും നൽകണമെന്നും ഫിക്സേഷൻ നടപടികൾ എത്രയും വേഗം പൂർത്തികരിച്ച് പരിഷ്കരിച്ച ശമ്പളം അടിയന്തരമായി വിതരണം ചെയ്യാൻ നടപടി വേണമെന്നും മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസിന്റെയും സ്റ്റാഫ് യൂണിയന്റെയും കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

10 ന് കോഴിക്കോട് നടക്കുന്ന ഇരുയൂണിയനുകളുടെയും ലയന സമ്മേളനം വിജയിപ്പിക്കുവാനും സമ്മേളനത്തിനു ശേഷം ശക്തമായ സമരപരിപാടികൾ നടത്തുവാനും യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് എം.കെ. രാഘവൻ എം പി അധ്യക്ഷത വഹിച്ചു. സജീവൻ കാനത്തിൽ, പി.മുരളിധരൻ, പി.കെ. ബാലഗോപാലൻ, മധു കാടാമ്പുഴ , കെ.സി. ഗണേശൻ, രാമകൃഷ്ണൻ, സജീവൻ കുട്ടമത്ത്, രാജീവൻ എളയാവൂർ, അർജ്ജുനൻ തായിലങ്ങാടി, സുനിൽ രാമന്തളി, വിശ്വൻ വെള്ളലശ്ശേരി എന്നിവർ സംസാരിച്ചു.