forest-statin
ഫോറസ്റ്റ് സ്റ്റേഷൻ

കാസർകോട് : വനാതിർത്തികൾ കൂടുതലുള്ള വടക്കൻ കേരളത്തിൽ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പായില്ല. കാസർകോട് റേഞ്ച് പരിധിയിൽ ആദൂർ പാണ്ടി, പരപ്പ, കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ കള്ളാർ, ഭീമനടി എന്നിവിടങ്ങളിൽ ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി നൽകിയ ശുപാർശയിൽ വനംവകുപ്പ് ഇതുവരെ തുടർനടപടിയെടുത്തിട്ടില്ല.

ശിപാർശ ചെയ്യപ്പെട്ട നാല് സ്റ്റേഷനുകളിൽ രണ്ടെണ്ണം ഉടൻ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതും വനംവകുപ്പ് മറന്ന മട്ടാണ്.. സംസ്ഥാനത്ത് കാസർകോട് ജില്ലയിലാണ് ഫോറസ്റ്റ് സ്റ്റേഷനുകൾ ഇതുവരെയും സ്ഥാപിക്കാത്തത്.

ജില്ലയിൽ നിർദ്ദേശിക്കപ്പെട്ട ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ ജീവനക്കാരുടെ കുറവ് മൂലമുള്ള പ്രതിസന്ധിക്കും പരിഹാരമാവും. നിലവിൽ കാസർകോട് വനം ഡിവിഷന് കീഴിൽ ആകെ 30 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാണ് ഉള്ളത്. കാട്ടാനകളുടെ ശല്യവും മറ്റു വന്യജീവികളുടെ ഉപദ്രവവും പതിവായ ജില്ലയിൽ ജീവനക്കാരുടെ കുറവ് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മൂന്നു വാഹനങ്ങൾ മാത്രമാണ് കാസർകോട് വനം ഡിവിഷനിൽ ഉള്ളത്. രണ്ട് വാഹനങ്ങൾ എങ്കിലും അടിയന്തരമായി അനുവദിക്കാതെ കാട്ടാനയുടെ ശല്യം നിയന്ത്രിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ കാട്ടിനുള്ളിൽ എത്തിച്ചേരുന്നതിനും കഴിയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. മിനിസ്റ്റീരിയൽ ജീവനക്കാരുടെ കുറവും കാസർകോട്ട് വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്..

സ്വതന്ത്ര ഭരണസംവിധാനം

ഫോറസ്റ്റ് റേഞ്ച് ഓഫീസുകൾക്ക് പുറമേ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വനംവകുപ്പ് ഭരണ സംവിധാനമാണ് ഫോറസ്റ്റ് സ്റ്റേഷനുകൾ. പൊലീസ് സ്റ്റേഷനുകളിൽ പോലെ സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഫോറസ്റ്റ് സ്റ്റേഷനുകളുടെ ചുമതല. ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാർ, മറ്റു ജീവനക്കാർ തുടങ്ങി 20 നും 30 നും ഇടയിലുള്ള ജീവനക്കാർ ഓരോ ഫോറസ്റ്റ് സ്റ്റേഷനുകളിലുമുണ്ടാകും. കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും സ്വതന്ത്രമായ അന്വേഷണം നടത്തുന്നതിനും ഫോറസ്റ്റ് സ്റ്റേഷനുകൾ മുഖാന്തിരം കഴിയും. വ്യാപ്തിയുള്ള കേസുകൾ മാത്രം റേഞ്ച് ഓഫീസർമാർക്ക് കൈമാറിയാൽ മതിയാകും. ഫോറസ്റ്റ് റേഞ്ച് ഓഫീസുകൾ നേരിടുന്ന ജോലിഭാരം കുറക്കുന്നതിന് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതോടെ സാധിക്കും.