കൂത്തുപറമ്പ്: എന്തിനേയും എതിർക്കുന്ന സമീപനമാണ് ചിലർക്ക് ഉള്ളതെന്നും സ്വന്തം വസ്തുവോ ഭൂമിയോ നഷ്ടപ്പെടുന്ന ആർക്കും എതിർപ്പില്ലെന്നും അവർ സന്തുഷ്ടരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച വെള്ളച്ചാൽ - വേങ്ങാട് റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാത വികസനം ആയാലും ഗെയിൽ പൈപ്പ് ലൈൻ കാര്യത്തിലായാലും ഇതാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ ഒന്നും വേണ്ട എന്നാണ് പറയുന്നത്, പിന്നെ എപ്പോഴാണ് ഇത് ചെയ്യുക എന്നും മുഖ്യമന്ത്രി ചോദിച്ചു.

8.64 കോടി രൂപ ചെലവിലാണ് റോഡ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. ധർമടം മണ്ഡലത്തിൽ വേങ്ങാട് - മാങ്ങാട്ടിടം പഞ്ചായത്തുകളിൽ ഉൾപെടുന്ന കൂടൻ മുക്ക് - കുറ്റിപ്പുറം, പാല ബസാർ - വേങ്ങാട്, പാച്ചപ്പൊയ്ക - ചേരിക്കമ്പനി റോഡുകൾ ഉൾപ്പെടുത്തിയാണ് 8 കിലോമീറ്റർ ദൂരം അഭിവൃദ്ധിപ്പെടുത്തി മെക്കാഡം ചെയ്തത്.

ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു. ദേശീയപാത കോഴിക്കോട് സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ് ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ജില്ലയിലെ പരിപാടികൾ മാറ്റിവെച്ചു

അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്ത്യോപചാരമർപ്പിക്കാൻ മലപ്പുറത്തേക്ക് പോകുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ ജില്ലയിലെ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.