 
കാസർകോട്: വരകളിലും വർണ്ണങ്ങളിലും കുട്ടികൾ പുലർത്തുന്ന ദീർഘദൃഷ്ടിയും ലാളിത്യവും മറ്റുള്ളവർക്ക് മാതൃകയാണെന്ന് പ്രശസ്ത ചിത്രകാരൻ പി എസ് പുണിഞ്ചിത്തായ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവം കാസർകോട് ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ഓഫീസും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ചിത്രകാര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയിലെ കുട്ടികൾ ചിത്രകലയിലേക്ക് കടന്നു വരണമെങ്കിൽ മാതാപിതാക്കളുടെ പ്രോത്സാഹനം അത്യാവശ്യമാണെന്നും പി.എസ്. പുണിഞ്ചിത്തായ പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം ചിത്രം വരക്കാനും അദ്ദേഹം മറന്നില്ല. കാടകം വന സത്യാഗ്രഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന നാരന്തട്ട തറവാട് പരിസരത്തായിരുന്നു ചിത്രകാര സംഗമം . കാറഡുക്ക ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂളിൽ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിൽ വരച്ച ചിത്രങ്ങൾ ചിത്രകാര സംഗമത്തിൽ പ്രദർശിപ്പിച്ചു. സംഘാടക സമിതി കൺവീനർ ഇ. ഗംഗാധരൻ നായരും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബി കെ നാരായണനും ചിത്രകാരൻ പി.എസ്. പുണിഞ്ചിത്തായയെ ആദരിച്ചു. മുതിർന്ന ചിത്ര കലാകാരൻ സി.കുഞ്ഞമ്പു നായരെ സംഘാടക സമിതി ചെയർമാൻ വി വിജയൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഇ. ജനാർദനൻ എന്നിവർ ചേർന്ന് ആദരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബി കെ നാരായണൻ , അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിധീഷ് ഇ.കെ സംസാരിച്ചു. ചിത്രകാരൻമാരായ സി കുഞ്ഞമ്പു കെ.പി.ജ്യോതിചന്ദ്രൻ, സചീന്ദ്രൻ കാറഡുക്ക ചന്ദ്രൻ മൊട്ടമ്മൽ , ഡോ.എ. എൻ. മനോഹരൻ , അദ്വൈത് എം.എ ജീവൻ.വി, വിനയൻ കാടകം,അഭിലാഷ് കാമലം, ഉദയ കുമാർ മാളംകൈ തുടങ്ങിയവർ പങ്കെടുത്തു.