തൃക്കരിപ്പൂർ: പേക്കടം ശ്രീ കുറുവാപ്പള്ളി അറ പരിസരത്തെ തത്വമസിയിൽ ഇന്നലെ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളായിരുന്നു. യുക്രെയിനിലെ യുദ്ധത്തിനിടയിൽ നിന്ന് രക്ഷപ്പെട്ട പേക്കടം സ്വദേശികളായ ശ്രിദ്യയും അയൽവാസിയായ മറിയവും ഇന്നലെയാണ് നാട്ടിലെത്തിയത്. ശ്രിദ്യയുടെ അമ്മ ദേവകി ആരതി ഉഴിഞ്ഞ് ഇരുവരെയും സ്വീകരിച്ചു.
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാടും നിരവധി നാട്ടുകാരും സ്വീകരിക്കാനെത്തിയിരുന്നു. മൈകോളേവ് എന്ന നഗരത്തിൽ നിന്ന് അന്തർദ്ദേശീയ ഏജൻസിയുടെ സഹായത്തോടെ റൊമാനിയയിലെത്തി അവിടുന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിലാണ് ഇവർ ഡൽഹിയിലും തുടർന്ന് നാട്ടിലുമെത്തിയത്.
നാലു വർഷങ്ങൾക്ക് മുമ്പ് പഠനത്തിനായി പോയ ശ്രിദ്യയ്ക്ക് രണ്ടു വർഷം കൂടി കഴിഞ്ഞാലെ കോഴ്‌സ് പൂർത്തിയാവുകയുള്ളൂ. കഴിഞ്ഞ സെപ്റ്റംബറിൽ വീട്ടിലെത്തിയിരുന്നു.യുദ്ധം തുടങ്ങിയതിനുശേഷം ബങ്കറിനുള്ളിൽ ജീവഭയത്തോടെ ദിവസങ്ങളോളം കഴിഞ്ഞകാര്യം നടുക്കത്തോടെയാണ് വീട്ടുകാരും നാട്ടുകാരും കേട്ടത്.
പേക്കടത്തെ ഐഷത്ത് ഷമീമയുടെയും അബ്ദുൾ സലീമിന്റെയും മകളായ മറിയം ശ്രിദ്യയുടെ കോളേജിൽ തന്നെയാണ് പഠിക്കുന്നത്. മക്കളുടെ തിരിച്ചു വരവിൽ സന്തോഷിച്ച ഇരു കുടുംബങ്ങളും വീട്ടിലെത്തിയവർക്കെല്ലാം ലഡു വിതരണം ചെയ്ത് സ്വീകരിച്ചു.
യുക്രെയിനിൽ നിന്നെത്തിയ ശ്രിദ്യയെയും മറിയത്തെയും ശ്രിദ്യയുടെ അമ്മ ദേവകി ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് സമീപം.