railway-ob
കോട്ടച്ചേരി റെയിൽവെ ഓവർ ബ്രിഡ്ജ് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: റെയിൽവെ ലെവൽക്രോസുകൾക്ക് മുമ്പിൽ അനിശ്ചിതമായി കാത്തുനിൽക്കുന്ന സാഹചര്യം ഉണ്ടാകാത്ത വിധം ലെവൽക്രോസ് ഇല്ലാത്ത കേരളമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കോട്ടച്ചേരി റെയിൽവെ ഓവർ ബ്രിഡ്ജ് ഗതാഗതത്തിനു തുറന്നുകൊടുത്ത ശേഷം ഗാർഡർ വളപ്പിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വികസന രംഗത്തെ കുതിപ്പിനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന് എല്ലാ ശ്രമവും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുമുണ്ടാകും. ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി അതിവേഗത്തിലാണ് മുന്നേറുന്നത്. ഇതിന്റെ സ്ഥലമെടുപ്പിന് 25 ശതമാനം തുക നൽകിയത് സർക്കാരാണ്. ഒരു തീരുമാനമെടുത്താൽ അത് നടപ്പിലാക്കുന്നതാണ് സർക്കാർ നയം. പണി പൂർത്തിയായ കെട്ടിടവും റോഡുകളും ഇനി കുത്തിപ്പൊളിക്കുന്ന സാഹചര്യമുണ്ടാകില്ല. സംസ്ഥാനത്ത് റണ്ണിംഗ് കോൺട്രാക്ട് സംവിധാനം നടപ്പിൽ വരികയാണ്. ഈ വർഷം സംസ്ഥാനത്ത് 9 മേൽപാലങ്ങളുടെ പ്രവൃത്തി പൂർത്തിയാകും. കാഞ്ഞങ്ങാടിന്റെ സ്വപ്ന പദ്ധതികൾക്കൊപ്പം തന്റെ വകുപ്പുകളുണ്ട്. ഹൊസ്ദുഗ് റസ്റ്റ് ഹൗസ് ഉൾപ്പെടെ നവീകരിക്കാനുള്ള പദ്ധതികളും നടപ്പിലാകാനിരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ,ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, മുൻ എം.പി പി. കരുണാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിച്ചു.


കോട്ടച്ചേരി റെയിൽവെ ഗേറ്റ്

ചരിത്രത്തിന്റെ ഭാഗം
റെയിൽവെ ഓവർബ്രിഡ്ജ് ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ വാഹനങ്ങൾക്കു മുമ്പിൽ അടക്കുകയും തുറക്കുകയും ചെയ്ത കോട്ടച്ചേരി റെയിൽവെ ഗേറ്റ് ഇനി ചരിത്രത്തിന്റെ ഭാഗം. തുടക്കത്തിൽ ഗേറ്റ് മേൻ വണ്ടിവരുന്നത് അറിയുന്നതോടെ ഓടിച്ചെന്ന് ഇരുമ്പു ചങ്ങലയെടുത്ത് ഇരുഭാഗത്തും ബന്ധിപ്പിച്ചതു മുതൽ ആധുനിക വാർത്താ സംവിധാനം വഴി ഗേറ്റുമാന് സന്ദേശങ്ങൾ ലഭിക്കുന്ന സംവിധാനവുമായും ഗേറ്റ് നിലകൊണ്ടു. വൈകാതെ ഗേറ്റിനു പകരം ഇവിടെ ഇരുമ്പ് ദണ്ഡുകൾ സ്ഥാപിക്കും.