photo

പഴയങ്ങാടി: സിൽവർലൈൻ അർദ്ധ അതിവേഗറെയിൽ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം മാടായിപാറയിൽ നടത്തി. പ്രദേശത്ത് സാമൂഹിക ആഘാത പഠനം നടത്താൻ അനുവദിക്കില്ലെന്ന് കെ റെയിൽ വിരുദ്ധസമിതിയും മാടായിപാറ സംരക്ഷണ സമിതിയും പ്രഖ്യാപിച്ചതിനാൽ പഴയങ്ങാടി സി.ഐ. രാജഗോപാലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സർവേ പൂർത്തിയാക്കിയത്.

എന്നാൽ തടയുമെന്ന് പ്രഖ്യാപിച്ചവർ ആരും തന്നെ സ്ഥലത്തെത്തിയില്ല. സ്ഥലവാസികൾ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തയ്യാറാകാത്തതാണ് സമരസമിതികളുടെ പ്രഖ്യാപനം നടക്കാതെ പോയതെന്ന് പറയപ്പെടുന്നു. ഇരുപതോളം വീട്ടുകാരെ നേരിൽക്കണ്ടായിരുന്നു സർവേ സംഘം വിവരശേഖരണം നടത്തിയത്.കോട്ടയം ആസ്ഥാനമായ കേരള വൊളന്ററി ഹെൽത്ത് സർവീസസ് എന്ന സ്വകാര്യ ഏജൻസിയാണ് സർവേ നടത്തുന്നത്.

ഏഴോം പഞ്ചായത്തിൽ അര കിലോമീറ്ററും മാടായി പഞ്ചായത്തിൽ മാടായിപ്പാറയിലൂടെയുള്ള രണ്ട് കിലോമീറ്റർ ദൈർഘ്യത്തിലുമാണ് ഭൂമി ഏറ്റെടുക്കേണ്ടത്. മാടായിപ്പാറയിൽ തുരങ്കം വഴിയാണ് പാത നിർമ്മിക്കുന്നതെന്ന് കെ റെയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാര പാക്കേജ്, സിൽവർലൈൻ അലൈൻമെന്റ്, പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ, ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ എന്നിവയെല്ലാം വൊളന്റിയർമാർക്ക് നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് പദ്ധതി സംബന്ധിച്ച സംശയങ്ങൾ ഇവരോടു ചോദിച്ചു മനസ്സിലാക്കാൻ സാധിക്കുമെന്നും കെ.വി.എച്ച്.എസ് പ്രതിനിധി പറഞ്ഞു.