ambulance
തളിപ്പറമ്പ് പൊലീസ് റൂറൽ ആസ്ഥാനത്ത് നിർത്തിയിട്ട പൊലീസിന്റെ സൗജന്യ ആംബുലൻസ്

തളിപ്പറമ്പ്: വിളി പുറത്തുണ്ട്, സൗജന്യ ആംബുലൻസ്. എന്നാൽ, ആർക്കും വേണ്ട. ഹൈവേ പൊലീസിന്റെ ആംബുലൻസ് ആണ് ഏത് അപകടത്തിലും സർവീസ് നടത്താൻ റെഡിയായി നിൽക്കുന്നത്. എന്നാൽ എത്ര തന്നെ അപകടം നാട്ടിലുണ്ടായാലും ആരുംവിളിക്കാതെ വിശ്രമത്തിലാണ് പൊലീസിന്റെ ആംബുലൻസ്.

കണ്ണൂർ റൂറൽ പൊലീസിന് കീഴിലുള്ള എസ്.പി ഓഫീസ് ഒഴികെയുള്ള സംവിധാനങ്ങൾ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റിയപ്പോൾ ഹൈവേ പൊലീസിന് കീഴിലുള്ള പരിയാരം പൊലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസും തളിപ്പറമ്പിലേക്ക് മാറ്റി. നേരത്തെ ഹൈവേയിൽ അപകടം നടന്നാൽ സൗജന്യ സേവനം നടത്തിയിരുന്ന ആംബുലൻസ് റൂറൽ ലിമിറ്റിലായതോടെ കണ്ണൂർ റൂറൽ മേഖലയിൽ ഉണ്ടാവുന്ന അപകടങ്ങളിൽ സൗജന്യമായി ഉപയോഗിക്കാനാണ് ഉത്തരവുള്ളത്.

സൗകര്യത്തെ കുറിച്ച്

അറിയില്ല

പൊലീസ് ആംബുലൻസിന്റെ സൗജന്യ സേവനമുണ്ടെങ്കിലും ഇക്കാര്യം വേണ്ട രീതിയിൽ അറിയാത്തതാണ് ഇത് ഉപയോഗിക്കുന്നതിൽ പിന്നാക്കം പോകുന്നതെന്നാണ് പറയുന്നത്. 24 മണിക്കൂറും പൊലീസ് ഡ്രൈവർ ഉൾപ്പെടെ സേവനം ലഭ്യമാണ്. ഹൈവേ പൊലീസിന് കീഴിൽ ഉള്ള ഈ ആംബുലൻസ് അപകടങ്ങളിൽപെട്ടവരെ കൊണ്ട് പോകാൻ മാത്രമേ സർവീസ് നടത്തുകയുള്ളൂ. മറ്റുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള അനുമതി ഇല്ല.