പിലിക്കോട് : കേരളത്തിൽ പൂരോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന പത്മശാലയപൊറാട്ടിന് പിലിക്കോട് തുടക്കം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം കാർത്തിക വിളക്ക് മഹോത്സവത്തിന്റെ ഭാഗമായാണ് ആചാരപ്പെരുമയിൽ ആക്ഷേപ ഹാസ്യവുമായി പൊറാട്ട് വേഷങ്ങൾ അരങ്ങിലെത്തിയത്.
കൊവിഡ് കാരണം രണ്ടു വർഷക്കാലത്തോളമായി മുടങ്ങിക്കിടന്നിരുന്ന പൂരക്കാലത്തെ സവിശേഷമായ ഈ ആചാരം കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തിൽ നിന്നാണ് പത്മശാലിയ പൊറാട്ട് ആരംഭിച്ചത്. മാ ണിക്യക്കല്ല് എന്ന സ്ഥലത്തിന് വേണ്ടി അള്ളടസ്വരൂപവും ഇളങ്കുറ്റി സ്വരൂപവും തമ്മിൽ ഉഗ്രമായ പോരാട്ടം നടന്നു എന്ന ചരിത്രവസ്തുതയിൽ നിന്നാണ് പൊറാട്ടിനെ സംബന്ധിച്ച ഐതീഹ്യങ്ങൾ രൂപപ്പെടുന്നത്. ചെണ്ടയിൽ വലംതാളം അടിച്ച് കൈവിളക്കും പിടിച്ച് വാല്യക്കാർ അരയാൽ തറയിൽ എത്തി കൊട്ടിയറിയപ്പ് നടത്തിയതോട് കൂടിയാണ് തെരുവിൽ പൊറാട്ട് വേഷങ്ങൾ പ്രത്യക്ഷപ്പെട്ടത് .
അടക്കണം പോതി,ചെക്കോൻമാർ, വാഴപ്പോതികൾ,കേളിപാത്രം തുടങ്ങിയ ആചാര പൊറാട്ട് വേഷങ്ങൾ ആദ്യമെത്തി .ആനുകാലിക വിഷയങ്ങളുമായി പുതുതലമുറയിൽ പെട്ടവരുടെ വേഷങ്ങൾ പിന്നാലെയെത്തി .ശ്ലീലഅശ്ലീല പ്രശ്നങ്ങൾ ഇല്ലാതെ കാഴ്ചക്കാരോട് മുഖം നോക്കിയുള്ള പൊറാട്ട് വേഷങ്ങളുടെ സംസാരം കാഴ്ചക്കാരിൽ ചിരിപടർത്തി. സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകളുടെ പൊറാട്ട് വേഷങ്ങൾ കുന്തമുനയിൽ നിർത്തി രയരമംഗലം ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടിന് നടക്കുന്ന എഴുന്നള്ളത്തിനൊപ്പം മതിലിനകത്തും പൊറാട്ട് വേഷങ്ങൾ എത്തും.