മട്ടന്നൂർ: എടയന്നൂരിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടോടെ എടയന്നൂർ ടൗണിലായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ധനലക്ഷ്മി ബസും കർണാടകത്തിൽ നിന്ന് സാധനങ്ങളുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
ബസ് യാത്രക്കാരായ 12 പേർക്ക് പരിക്കേറ്റു. എളയാവൂർ സ്വദേശിനി രശ്മി (32), തോട്ടട സ്വദേശിനി ദിയ (18) , കൂടാളി സ്വദേശിനി ജോസ്ന (19), മട്ടന്നൂരിലെ സഞ്ജയ (20), ചാലോടിലെ ഷാംജിത്ത് (26), നടുവയൽ സ്വദേശിനി ഡീന റോസ്, മുഴപ്പിലങ്ങാട്ടെ സോചന (19) എന്നിവരെ പരിക്കേറ്റ നിലയിൽ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടു. അപകടത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ വീട്ടു മതിലിലും കെട്ടിടത്തിനും ഇടിച്ചു. വീട്ടു മതിലും ഗേറ്റും പൂർണമായും തകരുകയും വനിതാ സഹകരണ സംഘത്തിന്റെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.