anthithiriyan
കുഞ്ഞിക്കണ്ണൻ അന്തിത്തിരിയൻ പൂരക്കളി പരിശീലിപ്പിക്കുന്നു

മാതമംഗലം: ചെറുചെറുവച്ചേരി ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിലെ മുഖ്യകർമ്മി എക്കാൽ കുഞ്ഞിക്കണ്ണൻ അന്തിത്തിരിയൻ തൊണ്ണൂറാം വയസ്സിലും പൂരക്കളി ഒരു ഉപാസനയായി കൊണ്ടുനടക്കുകയാണ്. പതിനൊന്നാം വയസ്സിൽ മീനമാസത്തിലെ തിരുവാതിര നാളിൽ ചെറുവച്ചേരി ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിലെ അകപ്പന്തലിൽ പൂരക്കളിയിൽ ഹരിശ്രീ കുറിച്ച ഇദ്ദേഹം കുട്ടികൾക്ക് പാട്ട്,താളം,ചുവട് എന്നിവ പരിശീലിപ്പിക്കുന്ന തിരക്കിലാണ് ഇന്നും.

ഫോക്‌ലോർ അക്കാഡമിയുടെ പൂരക്കളി ഗുരുപൂജാ അവാർഡ് ജേതാവായ ഇദ്ദേഹം ഈ രംഗത്തുള്ളവർക്ക് ഇന്നും ആവേശം പകരുകയാണ്. പൂരക്കളിയിലെ വൻ കളികളായ ഗണപതി, രാമായണം എന്നിവ ഇന്നും ഒറ്റയ്ക്കു പാടി കളിക്കും ഇദ്ദേഹം. മീത്തലെ പുരയിൽ നാരായണൻ, ഉണ്ണി പ്രവൻ നാരായണൻ, പറവൂർകാരൻ കണ്ണൻ, പിടച്ചി രാമചന്ദ്രൻ,എന്നിവരാണ് ക്ഷേത്രത്തിൽ പൂരക്കളി പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

ചെറുവച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 12 മുതൽ 17 വരെയാണ് പൂരോത്സവം. മാർച്ച് 16 ന് പൂരക്കളിയും മറുത്തുകളി യും നടക്കും. പള്ളിക്കര സുകുമാരൻ പണിക്കാർ ചെറുവച്ചേരി ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തെയും കാഞ്ഞങ്ങാട് മാതോത്ത് പുതിയ ഭഗവതി ക്ഷേത്രത്തെ പ്രതിനിധീകരിച്ച് ചാത്തോത്ത് സുരേന്ദ്രൻ പണിക്കരും മറത്തു കളിയിൽ പങ്കെടുക്കും