പഴയങ്ങാടി:അതികഠിനചൂടിൽ പഴയങ്ങാടി പ്രദേശത്തെ ഏറ്റവും വലിയ ജലസംഭരിണിയായ എരിപുരം ശ്രീകൃഷ്ണക്ഷേത്രത്തിന് കീഴിലുള്ള തമ്പുരാൻ കുളവും വറ്റി. ഒരേക്കറോളം വിസ്തീർണ്ണമുള്ള കുളം സംരക്ഷിക്കാൻ കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല.
മഴക്കാലത്ത് പെയ്തിറങ്ങുന്ന വെള്ളം സംരക്ഷിക്കാൻ നടപടി ഇല്ലാത്തതാണ് കുളം നാശോന്മുഖമാകുന്നതിന് കാരണം. ഒരുകാലത്ത് നാടിന്റെ പ്രധാന ജലസംഭരണി ആയിരുന്നു ഈ കുളം. പ്രദേശത്തെ കിണറുകളിൽ കുടിവെള്ളം ലഭിക്കുന്നതിന് ഉൾപ്പെടെ ഈ കുളം ഏറെ സഹായകരമായിരുന്നു. കുളത്തിന്റെ പടവുകൾ എല്ലാം ഇടിഞ്ഞുവീണുകഴിഞ്ഞു. നേരത്തെ ഇതിനോട് ചേർന്ന് നിർമ്മിച്ച കുടിവെള്ള പദ്ധതിയിൽ നിന്നായിരുന്നു വേനൽക്കാലത്ത് പഴയങ്ങാടിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിച്ചിരുന്നത്.
മുൻകാലങ്ങളിൽ മീനച്ചൂടിൽപ്പോലും ദേശാടനക്കിളികൾ ഇവിടേക്ക് പറന്നിറങ്ങിവരാറുണ്ട്. അക്കാലത്ത് കന്നുകാലികളും മറ്റ് മൃഗങ്ങളും ഈ ചിറയിലെ ജലത്തെ ആശ്രയിക്കാറുണ്ട്. മഴക്കാലത്ത് എരിപുരം ടൗണിൽ നിന്നും മറുവശങ്ങളിൽ നിന്നും മലിനജലം നേരിട്ട് കുളത്തിൽ പതിക്കുന്നതാണ് തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. പാർശ്വഭിത്തികൾ മുഴുവൻ ഇതുമൂലം തകർന്നു. ഡിസംബർ ആകുമ്പോഴേക്കുംകുളം കുട്ടികളുടെ കളിസ്ഥലമാകുകയാണിപ്പോൾ.
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഏഴോം ഗ്രാമസഭ കുളത്തിന്റെ നവീകരണത്തെക്കുറിച്ചുള്ള പ്രോജക്ട് റിപ്പോർട്ടും ത്രീഡി ചിത്രവും സഹിതം ജില്ലാകളക്ടർക്കും ജില്ലാപഞ്ചായത്തിനും നിവേദനം നൽകിയിരുന്നു. ഏകദേശം ഒരുകോടി ചിലവിൽ കുളം പുനരുദ്ധീകരിക്കാനാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
തമ്പുരാൻ കുളം
ആയിരത്തിലേറെ വർഷം പഴക്കമുളളതാണ് ഈ കുളത്തിനെന്നാണ് നാട്ടുകാർ പറയുന്നത്. ആഴമേറിയതും വ്യാപ്തി യുള്ളതുമാണ് എരിപുരം ശ്രീകൃഷ്ണ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഈ കുളം. പഴയകാലത്ത് ചിറക്കൽ തമ്പുരാൻ മാടായി തിരുവർക്കാട്ട് ഭഗവതിയെ തൊഴാൻ എത്തുമ്പോൾ തലേന്നാൾ വൈകുന്നേരം ക്ഷേത്രകുളത്തിൽ കുളിച്ച് ദർശനം നടത്തിയതിനുശേഷം മഠത്തിൽ താമസിക്കുമായിരുന്നുവത്രെ. രാവിലെ വീണ്ടും കുളത്തിൽ കുളിച്ച് ദർശനം നടത്തിയാണ് മാടായിക്കാവിൽ തൊഴാൻ പോകുന്നത്.ഇതാണ് തമ്പുരാൻ കുളം എന്ന പേരുവന്നതിന് പിന്നിൽ.
എരിപുരം തമ്പുരാൻ ക്ഷേത്ര കുളം നവീകരിക്കുന്നതിനായി ക്ഷേത്ര കമ്മറ്റി അശ്രാന്ത പരിശ്രമത്തിലാണ്.നവീകരണമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലും ദേവസ്വം ബോർഡിലും സമ്മർദ്ദം ചെലുത്തി വരുകയാണ്.നബാർഡ് സ്‌കീമിൽ ഉൾപ്പെടുത്തി കുളം നവീകരിക്കണമെന്ന് സർക്കാരിനെ സമീപിച്ചിട്ടുണ്ട്- ശ്രീകൃഷ്ണ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് പ്രൊഫസർ കെ.രഞ്ജിത്ത്
പൊതുകുളങ്ങളും ക്ഷേത്ര കുളങ്ങളും നവീകരിക്കാൻ ഏഴോം പഞ്ചായത്ത് ഭരണ സമിതി പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. എരിപുരം തമ്പുരാൻ ക്ഷേത്ര കുളം നവീകരിക്കാൻ ഒരു കോടിയോളം രൂപ വേണ്ടി വരുന്ന നവീകരണ പദ്ധതി സർക്കാർ സഹായത്തോടെ നടപ്പിലാക്കും. ഏഴോം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.വിശ്വൻനാഥൻ