mayyil
അപകട സ്ഥലത്ത് കൈവരി നിർമ്മിക്കുന്നതിനായി അളവെടുപ്പിനെത്തിയ ഉദ്യോഗസ്ഥർ

മയ്യിൽ: സർക്കാർ കാര്യം മുറപോലെയെന്ന പഴഞ്ചൻമട്ടു സ്വീകരിച്ച അധികൃതരുടെ അനാസ്ഥയിൽ കൊളച്ചേരിയിൽ പൊലിഞ്ഞത് വിലയേറിയ ഒരു ജീവൻ. റോഡുപണി കഴിഞ്ഞു മാസങ്ങളായിട്ടും അപകടരമായ കനാൽ റോഡിന് കൈവരി സ്ഥാപിക്കാത്തതാണ് സ്‌കൂട്ടർ യാത്രക്കാരനായ കാവുംചാലിലെ സി.ഒ ഭാസ്‌കരന്റെ അപകടമരണത്തിന് കാരണമായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കടയടച്ചു സാധനങ്ങൾ വാങ്ങാൻ കമ്പിലിലേക്ക് പോയതായിരുന്നു അനാദി കച്ചവടക്കാരനായ ഭാസ്‌കരൻ. സാധനങ്ങളുമായി തിരിച്ചുവരുമ്പോഴാണ് സ്‌കൂട്ടർ അപകടത്തിൽപ്പെട്ടു കനാലിൽ പതിച്ചത്. ഏതാണ്ട് ഒരുമണിക്കൂറുകളോളം കാടുമൂടിയ കനാലിൽ വീണുകിടന്നതിനെ തുടർന്നാണ് അതുവഴിപോയ കുട്ടികൾ അപകടവിവരം പരിസരവാസികളെ അറിയിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പള്ളിപറമ്പ് മുക്കിലെ ഇറക്കത്തിൽ ഇങ്ങനെയൊരു അപകടം പതിയിരിക്കുന്ന കാര്യം നാട്ടുകാർ പലതവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും സ്ഥലം സന്ദർശിക്കാൻ പോലും എക്‌സിക്യൂട്ടീവ് എൻജിനിയറും സംഘവും തയ്യാറായില്ല. ഈ അനാസ്ഥയാണ് ഭാസ്‌കരന്റെ മരണത്തിനിടയാക്കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. അപകടവിവരമറിഞ്ഞതുമുതൽ നാട്ടുകാർ ഈ സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു.

അപകടത്തിൽ മരിച്ച ഭാസ്‌കരന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ചു പൊതുദർശനത്തിന് വച്ചു. വിവിധ മേഖകളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ ആദരാഞ്ജലികളർപ്പിക്കാനെത്തിയിരുന്നു. തുടർന്ന് മൃതദേഹം ഉച്ചയോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു.

അപകടത്തിൽ അധികൃതർ ഉണർന്നു

അപകടത്തെ തുടർന്ന് സംഭവം വിവാദമായതിനെ തുടർന്ന് പി.ഡബ്‌ള്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയറും സംഘവും സ്ഥലത്തെത്തി കൈവരി നിർമ്മിക്കാനായി വാഹനത്തിൽ നിന്നും ടാപ്പെടുത്ത് അളവെടുപ്പു തുടങ്ങി. ഇതോടെ പ്രകോപിതരായ ജനങ്ങൾ എന്താണ് ചെയ്യുന്നതെന്നു ചോദിച്ചു ഇവരുടെ അടുത്തേക്ക് ചെന്നപ്പോൾ കൈവരി നിർമ്മിക്കാൻ അളവെടുക്കുകയാണെന്നായിരുന്നു മറുപടി. ഇത്രയും മാസങ്ങളായി ഇതൊന്നും അറിഞ്ഞില്ലേയെന്നു ചോദിച്ചു അളവു നിർത്തിവയ്ക്കാനാവശ്യപ്പെട്ടു നാട്ടുകാർ പ്രകോപിതരായതോടെ അന്തരീക്ഷം വഷളാകും മുൻപേ അധികൃതർ വാഹനത്തിൽ കയറി മടങ്ങി.

ഈ ശുഷ്‌കാന്തി നേരത്തെ കാണിച്ചിരുന്നുവെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഇപ്പോഴത്തെ നടപടി കണ്ണിൽ പൊടിയിടലാണ്.

നാട്ടുകാർ