 
കണ്ണൂർ:വർദ്ധിച്ചുവരുന്ന ഇന്ധനവിലയിൽ നിന്ന് കരകയറാൻ സി.എൻ.ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ഒാട്ടോറിക്ഷ എടുത്ത് ഒാട്ടം തുടങ്ങിയ ഡ്രൈവർമാർ പ്രതിസന്ധിയിൽ . ജില്ലയിൽ ആവശ്യത്തിന് സി.എൻ.ജി പമ്പുകളില്ലാത്തതണ് ഗ്യാസ് നിറക്കുന്നതിന് വെല്ലുവിളിയാകുന്നത്. നിലവിൽ കണ്ണൂർ നഗരത്തിൽ സെൻട്രൽ ജയിൽ പമ്പിൽ മാത്രമാണ് സി.എൻ.ജി പമ്പുള്ളത്.പിന്നെയുള്ളത് മട്ടന്നൂരിലും.
സെൻട്രൽ ജയിൽ പമ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ധനം നിറയ്ക്കാനെത്തിയവരുടെ നീണ്ട നിരയായിരുന്നു ഏറെ നേരം കാത്തിരുന്നതിനു ശേഷമാണ് പലർക്കും ഗ്യാസ് അടിക്കാൻ കഴിഞ്ഞത്. പുലർച്ചെ മൂന്ന് മണിക്ക് പമ്പിലെത്തി കാത്തിരിക്കുന്നവർ പോലും കൂട്ടത്തിലുണ്ട് .ഇതിനിടയിൽ സി.എൻ.ജി ലോറികൾ വന്നാൽ നാൽപതുമുതൽ അൻപത് കിലോ ഇവയ്ക്ക് ആവശ്യം വരും.ഇതോടെ ഒാട്ടോറിക്ഷകൾക്ക് ഗ്യാസ് കിട്ടാതെ വരും. ദൂരദിക്കിൽ നിന്ന് എത്തുന്ന ഓട്ടോകൾക്ക് ഗ്യാസ് ലഭിക്കാതെ തിരിച്ചുപോകാൻ പോലും പറ്റാതായ സ്ഥിതിയുമുണ്ടായിട്ടുണ്ട്.
കണ്ണൂരിൽ 250 സി.എൻ.ജി. ഓട്ടോകൾ
ജില്ലയിൽ 250 ഒാളം സി.എൻ.ജി.ഒാട്ടോറിക്ഷകൾ ഒാടുന്നുണ്ട്.ഇന്ധന ലാഭം കണക്കിലെടുത്ത് പലരും സി.എൻ.ജി ഒാട്ടോയിലേക്ക് മാറുകയാണ്. പക്ഷെ ഇന്ധനം നിറക്കാൻ സംവിധാനമില്ല.സൗകര്യപ്രദമായ സ്ഥലമില്ലാത്തതാണ് സി.എൻ.ജി പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള തടസമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്.ഡീസൽ,പെട്രോൾ ടാങ്കുകളുടെ നിശ്ചിത അകലത്തിലായിരിക്കണം സി.എൻ.ജി ടാങ്കുകൾ സ്ഥാപിക്കുന്നത്.ഇത് 50 സെന്റ് സ്ഥലമെങ്കിലുമുള്ള പെട്രോൾ പമ്പുകളിൽ മാത്രമെ സാധിക്കുകയുള്ളു.
ഇന്ധന ക്ഷാമം, വിലകയറ്റം എന്നിവ മറികടക്കാൻ സി.എൻ.ജി വാഹനങ്ങൾ ഏറെ ഉപകരിക്കും.വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറവെന്നതാണ് മറ്റൊരു നേട്ടം.ഒരു കിലോ ഗ്യാസ് അടിച്ചാൽ 32 കിലോമീറ്ററോളം ഒാടാൻ കഴിയും.സാധാരണ ഒാട്ടോറിക്ഷകൾക്ക് ഒരു ലിറ്റർ പെട്രോളിന് 20 കിലോമീറ്ററാണ് മൈലേജ് .ആറ് കിലോ പെട്രോൾ ടാങ്കാണ് സി.എൻ.ജി ഒാട്ടോറിക്ഷകളുടേത്. അടിയന്തിര ഘട്ടത്തിൽ പെട്രോൾ അടിക്കേണ്ടി വന്നാൽ ഒരു ലിറ്ററിന് 15,16 കിലോമീറ്റർ മാത്രമേ മൈലേജ് ലഭിക്കു..മൂന്ന് ലക്ഷം രൂപ മുടക്കിയാണ് ഡ്രൈവർമാർ ഒരു സി.എൻ.ജി ഒാട്ടോയെടുക്കുന്നത്.
പ്രതീക്ഷ ഗെയിലിൽ
ഗെയിൽ പൈപ്പ് ലൈൻ പ്രാദേശികതലത്തിൽ എത്തുന്നതോടെ സി.എൻ.ജി പമ്പുകൾ സജീവമാകുമെന്ന പ്രതീക്ഷയുണ്ട്. .മുഴപ്പിലങ്ങാട്,ഏച്ചൂർ,വാരം എന്നിവിടങ്ങളിൽ സി.എൻ.ജി പമ്പുകൾ സ്ഥാപിക്കാനുള്ള നീക്കവും പ്രതീക്ഷ പകരുന്നതാണ്..യാത്രാ സുഖം കണക്കിലെടുത്ത് യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണമാണ് സി.എൻ.ജി ഒാട്ടോറിക്ഷകൾക്ക് ലഭിക്കുന്നത്.
നിലവിൽ പമ്പില്ലാത്തതാണ് സി.എൻ.ജി ഒാട്ടോറിക്ഷയടക്കമുള്ള വാഹനങ്ങളുടെ വലിയ വെല്ലുവിളി.മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല.കണ്ണൂർ നഗരത്തിന് പുറത്ത് ഒടുന്നവർ വലിയ ബുദ്ധിമുട്ടിലാണ്.പലരും പുലർച്ചെ മൂന്ന് മണിക്കെല്ലാം സെൻട്രൽ ജയിൽ പമ്പിലെത്തേണ്ടി വരുന്നുണ്ട്.ബന്ധപ്പെട്ട കമ്പനികളും മറ്റും ഈ പ്രശ്നം പരിഹരിച്ചേ മതിയാകു.
പി.കെ.മനീഷ് ,സി.എൻ.ജി ഒാട്ടോ ഡ്രൈവർ