മയ്യിൽ: മയ്യിലിലെ കർഷക കൂട്ടായ്മ നൂതനമാർഗത്തിലൂടെ മൂല്യവർദ്ധിത ഉൽപന്നങ്ങളുണ്ടാക്കുന്നതറിയാൻ ഉത്തരാഖണ്ഡിൽ നിന്നുള്ള സംഘമെത്തി.മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സിന്റെ മൂല്യവർദ്ധിത ഉത്പാദനവും കൃഷിയിലെ ആധുനികവത്ക്കരണവും അറിയാനാണ് ഉത്തരഖാണ്ഡിലെ കർഷകവികസനസമിതി പ്രവർത്തകനായ മായ നെഗിയുടെ നേതൃത്വത്തിൽ 23 അംഗസംഘം മയ്യിലിൽ എത്തിയത്.
മയ്യിൽറൈസ് പ്രൊഡ്യൂസേഴ്സ് കമ്പിനിയുടെ അരി, പുട്ടുപ്പൊടി, വെളിച്ചെണ്ണ നിർമ്മാണ സംരംഭങ്ങളും കൊയ്ത്തുയന്ത്രങ്ങളും ആധുനിക ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തുന്ന കീടനാശിനി പ്രയോഗരീതികളും സംഘം ചോദിച്ചറിഞ്ഞു.
ഉത്തരഖാണ്ഡിൽ പച്ചക്കറി, പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കാറില്ലെന്നും ആധുനികവത്കരണം നടന്നിട്ടില്ലെന്നും സംഘം പറഞ്ഞു. മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് പോലുള്ള ചെറുകിട കർഷകകൂട്ടായ്മകൾ കർഷകർക്ക് വഴികാട്ടിയാണെന്നും സംഘം അഭിപ്രായപ്പെട്ടു. മയ്യിലിലെത്തിയ സംഘത്തെ മയ്യിൽ റൈസ് പ്രൊഡ്യുസേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.കെ. ബാലകൃഷ്ണൻ, ഡയറക്ടർ കെ.കെ രാമചന്ദ്രൻ, പഞ്ചായത്ത് പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
കൊട്ടിയൂരിലും സംഘം എത്തി
കൊട്ടിയൂർ: കേരളത്തിലെ ജൈവ കൃഷി രീതിയും ജൈവകീടനാശിനിയുടെ നിർമ്മാണത്തെക്കുറിച്ചും പഠിക്കാനായി ഉത്തരാഖണ്ഡ് നൈനിറ്റാൾ എൻ.ജി.ഒ യുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിലുള്ള 25 അംഗ കർഷകരും ഉദ്യോഗസ്ഥരും കൊട്ടിയൂർ അമ്പായത്തോട് എത്തി.അമ്പായത്തോട് സ്വദേശി ആലനാൽ ഷാജിയുടെ കൃഷിയിടത്തിലാണ് സംഘം എത്തിയത്.
വളം, കീടനാശിനി പ്രയോഗങ്ങൾ ഹരിത കഷായ നിർമ്മാണം എന്നിവയാണ് ഇവിടെ നിന്നും പ്രധാനമായി സംഘം ചോദിച്ചറിഞ്ഞത്. ഷാജിയുടെ കൃഷി രീതി പഠിച്ചതിനുശേഷം ഉത്തരാഖണ്ഡിൽ ജൈവ കൃഷിരീതി അവംലബിക്കാനും ഹരിത കഷായം നിർമ്മിച്ചെടുക്കാനുമാണ് ലക്ഷ്യമെന്ന് ഉത്തരാഖണ്ഡ് നൈനിറ്റാൾ എൻ.ജി.ഒ പ്രസിഡന്റ് മായ നെഗി പറഞ്ഞു.മൾച്ചിംഗ് എന്താണെന്നും ട്രിപ്പ് ഇറിഗേഷൻ എന്താണെന്നും ട്രിപ്പിലൂടെ എല്ലാ ചെടികളുടെ ചുവട്ടിലും വളം എങ്ങനെ എത്തിക്കാമെന്നും സംഘം അടുത്തറിഞ്ഞു.കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് സംഘം എത്തിയത്.