theruvath-aups
തെരുവത്ത് എയുപി സ്‌കൂൾ

കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിനായി സ്ഥലമെടുത്തതോടെ സ്‌കൂളിന്റെ നിലനിൽപ്പ് ആശങ്കയിൽ. ദേശീയപാതയോരത്ത് കുളിയങ്കാലിൽ പ്രവർത്തിക്കുന്ന തെരുവത്ത് എ.യു.പി സ്‌കൂളിന്റെ ഭാവിയാണ് ചോദ്യചിഹ്നമാകുന്നത്.

സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ദേശീയപാതയ്ക്കു വേണ്ടി പൊളിച്ചു മാറ്റിയിരിക്കുകയാണ്. സ്ഥലപരിമിതിയിൽ നട്ടംതിരിയുന്ന സ്‌കൂളിന്റെ രണ്ട് ക്ലാസ് മുറികളാണ് റോഡ് വികസനത്തിനായി പൊളിച്ചത്. ക്ലാസ് മുറികൾ പണിയാനുള്ള അസൗകര്യം സ്‌കൂൾ മാനേജ്‌മെന്റിന് കടുത്ത തലവേദനയായിട്ടുണ്ട്. ഇതോടെ സ്‌കൂൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി.

ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുത്തതോടെ മുറ്റം എന്ന് പറയാൻ പോലും ഇവിടെ സ്ഥലസൗകര്യമില്ല. റോഡ് നിർമ്മാണം കഴിഞ്ഞാൽ സ്‌കൂൾ കെട്ടിടത്തിനെ മുട്ടിയുരുമ്മിയെന്നോണമാകും സർവീസ് റോഡ് ഉണ്ടാവുക. യു.പി സ്‌കൂളായതിനാൽ റോഡ് തൊട്ടടുത്തു വരുന്നത് കുട്ടികളുടെ സുരക്ഷയ്ക്കും വെല്ലുവിളിയാണ്. സ്‌കൂളിന് അടുത്തെങ്ങും സ്ഥലം കിട്ടാനില്ലാത്തതിനാൽ സ്ഥലം ഏറ്റെടുത്തുള്ള വികസന പ്രവർത്തനവും അസാധ്യമാണ്. സ്‌കൂളിനെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ടെങ്കിലും മറ്റൊരിടത്ത് സ്ഥലം വാങ്ങി സ്‌കൂൾ ആരംഭിക്കാനുള്ള സാമ്പത്തിക ബാദ്ധ്യത താങ്ങാൻ മാനേജ്‌മെന്റിന് സാധിക്കില്ലെന്ന് മാനേജറായ സ്വാതന്ത്ര്യ സമര സേനാനി കെ.വി. നാരായണൻ പറഞ്ഞു.

1962 ൽ ആരംഭിച്ച സ്‌കൂളിൽ ഇപ്പോൾ 134 കുട്ടികൾ പഠിക്കുന്നുണ്ട്. ഒൻപത് അദ്ധ്യാപകരും ഒരു പ്യൂണും അടക്കം പത്ത് ജീവനക്കാരും സ്‌കൂളിലുണ്ട്. നിർദ്ധന കുടുംബങ്ങളിൽ നിന്നടക്കം വരുന്ന സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ക്ലാസ് മുറികളുടെ കുറവും ദേശീയപാതാ നിർമ്മാണത്തിന്റെ പൊടിയും മൂലം കുട്ടികൾ ഇപ്പോൾ തന്നെ അസ്വസ്ഥതയിലാണ്.

തെരുവത്ത് എ.യു.പി സ്‌കൂൾ അടിയന്തരമായി സർക്കാർ ഏറ്റെടുക്കണം. സ്‌കൂളിന്റെ താഴെ ഭാഗത്തുള്ള കെട്ടിടം പുതുക്കി രണ്ടോ മൂന്നോ നിലകളിൽ എടുത്താൽ ആവശ്യത്തിന് ക്ലാസ് മുറികളാകും. ഇതിന് സർക്കാർ തന്നെ തയ്യാറാകണം.

വാർഡ് കൗൺസിലർ ടി. മുഹമ്മദ് കുഞ്ഞി


സ്‌കൂളിന്റെ നിലനിൽപ് അപകടത്തിലായ സാഹചര്യത്തിൽ വളരെ പെട്ടെന്നു തന്നെ സ്‌കൂളിന് സഹായകരമായ നിലപാട് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകണം. എ.ഇ.ഒ, ഡി.ഇ.ഒ എന്നിവരെ സന്ദർശിച്ച് സ്‌കൂളിന്റെ പ്രയാസങ്ങൾ അറിയിച്ചപ്പോൾ സർക്കാർ ഏറ്റെടുക്കൽ അത്ര എളുപ്പമല്ലെന്നാണ് മനസ്സിലായത്. നഗരസഭയും മറ്റും അടിയന്തരമായി ഇടപെടണം

അഷറഫ് കോട്ടക്കുന്, പി.ടി.എ പ്രസിഡന്റ്


സ്‌കൂളിന്റെ പ്രവർത്തനത്തിൽ ഏറെ ആശങ്കയുണ്ട്. മാനേജ്‌മെന്റും വിദ്യാഭ്യാസ വകുപ്പും നടപടി എടുക്കുമെന്നാണ് കരുതുന്നത്.

ബി ഉമ, പ്രഥമാദ്ധ്യാപിക