പാനൂർ: പാനൂർ നഗരസഭ വർഷത്തിൽ പലതവണ ട്രാഫിക്ക് പരിഷ്കാരം വിളംബരം ചെയ്യും. അതിൽ പലതും കടലാസിൽ ഒതുങ്ങുകയാണ്. നഗരത്തിലെ മിക്ക ഭാഗങ്ങളിലും നടപ്പാത ടൂ വീലറുകളും ചെറുവാഹനങ്ങളും കൈയടക്കിയിരിക്കുകയാണ്. ഓരോ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും കടന്നുപോകുന്നതിനും പ്രത്യേകം പ്രത്യേകം സ്ഥലങ്ങളും വഴികളും നഗരസഭ അധികൃതർ നിശ്ചയിക്കും. അതൊന്നും ഇതുവരെ ഭാഗികമായിട്ടു പോലും നടപ്പാകാത്തത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കുകയാണ്.

പുത്തൂർ റോഡിലെ ബസ് കാത്ത് നില്ക്കുന്ന സ്ഥലം, കൂത്തുപറമ്പ് റോഡിലെ ടാക്സി സ്റ്റാൻഡ്, തലശേരി ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങൾ കൂത്തുപറമ്പ് റോഡിലെത്താൻ നിശ്ചയിച്ച വൺവേ സംവിധാനം മുതലായ നിരവധി പരിഷ്കരണങ്ങൾ പ്രാവർത്തികമായില്ല.

കുട്ടികളോടെങ്കിലും കരുണ വേണ്ടേ..

പാനൂർ യു.പി സ്കൂളിന് മുന്നിൽ നടപ്പാത തകർന്നിട്ട് മാസങ്ങളെത്രയോ കഴിഞ്ഞു. നിരവധി പിഞ്ചു വിദ്യാർത്ഥികൾ നടന്നുപോകുന്ന ഈ നടപ്പാത കണ്ട ഭാവം പോലും നടിക്കുന്നില്ല. സ്കൂളിന് മുന്നിൽ തകർന്ന നടപ്പാതയെ കുറിച്ചുള്ള പരാതിക്ക് ഇതുവരെ യാതൊരു പരിഗണയും ലഭിച്ചിട്ടില്ല. ട്രാഫിക്ക് കുരുക്കിൽ വീർപ്പുട്ടുന്ന ടൗണിൽ കാൽനടയാത്രക്കാർ ആശ്രയിക്കുന്ന നടപ്പാതകൾ പലയിടത്തും തകർന്നും നിലവിലുള്ള തകരാത്ത ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതും പാനൂരിന്റെ പ്രത്യേകതയായി മാറുന്നു.

ജനരോഷം ഉയരുന്നു

പുത്തൂർ റോഡിൽ പലയിടത്തും നടപ്പാതയിൽ വാഹനം കയറ്റി നിർത്താൻ പാകത്തിൽ നടപ്പാതയോട് ചേർത്ത് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പല കടകളുടെ മുന്നിലും നടപ്പാതയിലൂടെ യാത്ര ചെയ്യുന്നവർ ഇത്തരം ഭാഗത്തെത്തുമ്പോൾ നടപ്പാതയിലൂടെ നടക്കാനും വയ്യ , റോഡിലിറങ്ങാനും വയ്യ എന്ന ഗതികേടിലാണ്. ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ പതിയാത്തതിൽ ജനരോഷം അനുദിനം വർദ്ധിച്ചു വരികയാണ്.