muza
നിർമ്മാണം പൂർത്തിയായ മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡ്

കണ്ണൂർ:ദേശീയപാത 66ൽ മാഹി-മുഴപ്പിലങ്ങാട് റീച്ചിലെ മുഴപ്പിലങ്ങാട് മഠം മുതൽ യൂത്തു വരെയുള്ള സർവീസ് റോഡ് ഒരാഴ്ച്ചയ്ക്കുള്ളിൽ പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കും.കഴിഞ്ഞ ദിവസം നടന്ന മുഴപ്പിലങ്ങാട് താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി വാഹനഗതാഗതകുരുക്ക് ഒഴിവാക്കാൻ റോഡ് പൂർണമായും തുറന്നിരുന്നു.കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുതിയ സർവീസ് റോഡിലൂടെ വന്ന് യൂത്തിനടുത്ത അടിപ്പാതയിലൂടെ വേണം ദേശീയപാതയിലേക്ക് പ്രവേശിക്കാൻ.
അടിപ്പാതയിലൂടെ മുല്ലപ്രം ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുവരുന്നത് സർവീസ് റോഡിലൂടെ വരുന്നത് കാഴ്ച മറച്ച് അപകടത്തിന് കാരണമാകുന്നുവെന്നും നാട്ടുകാർ പറഞ്ഞു.ഇതിന് പരിഹാരം വേണമെന്ന ആവശ്യമുയരുന്നുണ്ട്.
പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡ് വഴിയായിരുന്നു ഇരുദിശയിലേക്കുമുള്ള വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഇരുദിശയിലേക്കുമുള്ള സർവീസ് റോഡ് വഴി വാഹനങ്ങൾ കടത്തിവിടുന്നതോടെ കുരുക്കില്ലാതാകും.നേരത്തെ കണ്ണൂരിൽനിന്നുള്ള വാഹനങ്ങൾ എഫ്.സി ഐ ഗോഡൗണിന് മുന്നിൽ വച്ചു സർവീസ് റോഡിലേക്ക് തിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.കിഴക്കെ ഭാഗത്തെ സർവീസ് റോഡ് തുറക്കുന്നതോടെ മുഴുവൻ വാഹനങ്ങളും ഇനി ഇരുദിശകളിലൂടെ കടത്തിവിടുമെന്ന് അധികൃതർ അറിയിച്ചു.